പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടരാന്‍ നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാന്‍ ഇന്നിറങ്ങുന്നു. ഹാട്രിക് ജയവുമായി സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന എടികെക്ക് ജംഷഡ്‌പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ഇരു ടീമുകളും ലീഗിലെ ഈ സീസണില്‍ നാലാം മത്സരത്തിനാണ് ഇറങ്ങുന്നത്. മറുഭാഗത്ത് ജംഷഡ്‌പൂരിന്‍റെ അക്കൗണ്ടില്‍ രണ്ട് സമനിലയും ഒരു പരാജയവുമാണ് ഉള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റുള്ള എടികെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും രണ്ട് പോയിന്‍റ് മാത്രമുള്ള ജംഷഡ്‌പൂര്‍ എട്ടാം സ്ഥാനത്തുമാണ്.
ഐഎസ്‌എല്‍: ജയം തുടരാന്‍ എടികെ, കളം പിടിക്കാന്‍ ജംഷഡ്‌പൂര്‍ - atk win news
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന എടികെ മോഹന്‍ബഗാന്‍ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്
സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ എടികെയുടെ പ്രതിരോധവും ഗോള്‍വലയും ഭദ്രമായ കൈകളിലാണ്. അരിന്ദ്രം ഭട്ടാചാര്യ ഗോള്‍ വല കാക്കുമ്പോള്‍ സന്ദേശ് ജിങ്കനാണ് പ്രതിരോധത്തിന്‍റെ ചുമതല. പ്രതിരോധത്തില്‍ പിഴവുകള്‍ വരുത്താത്ത എടികെക്ക് മുന്നേറ്റം മികച്ച തുടക്കം നല്‍കുമെന്ന് ഇതിനകം പരിശീലകന്‍ അന്‍റോണിയോ ഹെബ്ബാസ് പറഞ്ഞു കഴിഞ്ഞു. അച്ചടക്കത്തോടുള്ള മുന്നേറ്റമാണ് ടീമിന്‍റെ വിജയ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുഭാഗത്ത് ഓവന്‍ കോയലിന് കീഴില്‍ എല്ലാ മേഖലകളിലും ജംഷഡ്‌പൂരിന് മുന്നേറേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് ജംഷഡ്‌പൂര്‍ വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ട ജംഷഡ്‌പൂര്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും സമനില സ്വന്തമാക്കി. ഓരോ മത്സരവും പുതിയ വെല്ലുവിളിയായി കണ്ട് മുന്നേറുകയാണ് കോയലിന്‍റ ശിഷ്യന്‍മാര്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സമനില സ്വന്തമാക്കിയ അവര്‍ ഇത്തവണ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.