ചെന്നൈ:പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ചെന്നൈയിന്‍ എഫ്‌സി. ഐഎസ്എല്‍ ആറാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ചെന്നൈയിന്‍ പരാജയപ്പെടുത്തി. ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുമായി നെരിജുസ് വാല്‍സ്‌കിസ് തിളങ്ങി. 13-ാം മിനിട്ടിലും 74-ാം മിനിറ്റിലുമായിരുന്നു വാല്‍സ്‌കിസ് സന്ദർശകരുടെ വല ചലിപ്പിച്ചത്. 42ാം മിനിറ്റില്‍ ആന്ദ്രെ ഷെംബ്രിയും 87-ാം മിനിറ്റില്‍ ലല്ലിയാന്‍സുവാല ചാംഗ്തെയും ചെന്നൈയിന് വേണ്ടി ഗോൾ നേടി. 71- ാം മിനിറ്റില്‍ സെര്‍ജിയോ കാസില്‍ ആണ് ജംഷഡ്‌പൂരിന്‍റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
ജംഷഡ്‌പൂരിന്‍റെ വല നിറച്ചു; പ്ലേ ഓഫ് സാധ്യത സജീവമാക്കി ചെന്നൈയിന്‍ - ജംഷഡ്‌പൂർ എഫ്‌സി വാർത്ത
ഇന്നലെ നടന്ന ഐഎസ്എല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെന്നൈയില്‍ ജംഷഡ്‌പൂർ എഫ്‌സിയെ പരാജയപ്പെടുത്തിയത്
ജയത്തോടെ ചെന്നൈയിന്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. 18 പോയിന്‍റുമായി ചെന്നൈ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ ജംഷ്‌പൂരിന് വലിയ വില കൊടുക്കേണ്ടി വന്നു. 13 കളികളില്‍ 16 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ ഏഴാം സ്ഥാനത്താണ്. ടീമിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ക്കും തിരിച്ചടിയേറ്റു.
ചെന്നൈയിന് എഫ്‌സി അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. അതേസമയം ലീഗിലെ വമ്പന്‍മാരായ എടികെയാണ് അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂരിന്‍റെ എതിരാളികൾ. ഫെബ്രുവരി രണ്ടിനാണ് ഇരു മത്സരങ്ങളും.