ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ജംഷഡ്‌പൂര്‍ എഫ്‌സിയെ കീഴടക്കി മുംബൈ സിറ്റി എഫ്‌സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ മുംബൈയുടെ വിജയം. മുംബൈയ്ക്ക് വേണ്ടി കാസിയോ ഗബ്രിയേല്‍, ബിപിന്‍ സിങ്, ഇഗോര്‍ അംഗൂളോ, വെഗോര്‍ കാറ്റാറ്റാവു എന്നിവര്‍ ഗോളുകൾ നേടിയപ്പോൾ ജംഷഡ്‌പൂരിനായി കോമള്‍ തട്ടാലും എലി സാബിയയും ആശ്വാസ ഗോളുകള്‍ നേടി.
മത്സരത്തിന്‍റെ ആദ്യ ഘട്ടം മുതൽ ആക്രമിച്ചുകളിച്ച മുംബൈ മൂന്നാം മിനിട്ടിൽ ആദ്യ ലീഡ് സ്വന്തമാക്കി. കാസിയോ ഗബ്രിയേലാണ് മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടിയത്. പിന്നാലെ 18-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി മുംബൈ ജംഷഡ്‌പൂരിനെ വീണ്ടും ഞെട്ടിച്ചു. ബിപിന്‍ സിങ്ങാണ് രണ്ടാം തവണ ഗോൾ വല ചലിപ്പിച്ചത്. തൊട്ടുപിന്നാലെ 24-ാം മിനിട്ടിൽ മുംബൈ വീണ്ടും ലീഡുയർത്തി. ഇഗോര്‍ അംഗൂളോയായിരുന്നു ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ മുംബൈ 3-0 ന് മുന്നിൽ എത്തി.
രണ്ടാം പകുതിയിൽ കൂടുതൽ ശ്രദ്ധിച്ച് ആക്രമണ സ്വഭാവത്തോടെ കളിച്ച ജംഷഡ്‌പൂര്‍ 49-ാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ സ്വന്തമാക്കി. കോമള്‍ തട്ടാലാണ് ഗോൾ നേടിയത്. തൊട്ടുപിന്നാലെ 55-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി ടീം മത്സരത്തിലേക്ക് തിരിച്ചെത്തി. എലി സാബിയയുടെ വകയായിരുന്നു ഗോൾ. ഇതോടെ മത്സരം 3-2 എന്ന നിലയിലായി.