മഡ്‌ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും തുല്യ ശക്‌തികളായി കളിച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഡയസ് പെരേര, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ഗോൾ നേടി.
വിജയത്തോടെ ഏഴ് മത്സരത്തിൽ നിന്ന് 12 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്കുയർന്നു. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി ആറ് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല. ഇതിൽ മൂന്ന് വിജയവും മൂന്ന് സമനിലയും ഉൾപ്പെടുന്നു.
മത്സരത്തിന്‍റെ ആദ്യഘട്ടം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാൽ മത്സരത്തിന്‍റെ ഒൻപതാം മിനിട്ടിൽ ജോർജ് പെരേര ഡയസിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി ചെന്നൈയിനെ ഞെട്ടിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇരു ടീമുകളും ഗോൾ മുഖത്തേക്ക് പരസ്പരം നിറയൊഴിച്ചെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.