കൊവിഡ് 19 ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്‍റാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഇത്തവണ ഗോവയില്‍ മാത്രമായി നടക്കുന്ന ഐഎസ്‌എല്ലില്‍ വെള്ളിയാഴ്‌ച മുതല്‍ പന്തുരുളും. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ ശ്യൂന്യമായ ഗാലറിയെ സാക്ഷിയാക്കിയാകും മത്സരങ്ങള്‍. ഉദ്‌ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ബഗാനും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലാണ്. ഇരട്ടി കരുത്തുമായാണ് ഇത്തവണ കൊല്‍ക്കത്തയുടെ വരവ്. കഴിഞ്ഞ സീസണില്‍ ഐഎസ്‌എല്‍ സ്വന്തമാക്കിയ എടികെയും ഐ ലീഗ് സ്വന്തമാക്കിയ മോഹന്‍ബഗാനും ലയിച്ചാണ് എടികെ മോഹന്‍ബഗാനെന്ന ടീം രൂപപ്പെട്ടിരിക്കുന്നത്. രണ്ട് ടീമുകള്‍ ലയിച്ചത് കാരണം കൂടുതല്‍ വിദേശ താരങ്ങളെ കൊല്‍ക്കത്തക്ക് ടീമില്‍ എത്തിക്കേണ്ടി വന്നില്ല. റോയ് കൃഷ്‌ണയും ഡേവിഡ് വില്യംസും ചേര്‍ന്ന മുന്നേറ്റ നിര ലീഗിലെ ഏറ്റവും മികച്ചതാണ്.
ഐഎസ്‌എല്ലിലെ റെക്കോഡ് തുകക്ക് കൊല്‍ക്കത്തയുടെ കൂടാരത്തിലെത്തിയ സന്ദേശ് ജിങ്കനാണ് പ്രധാന ആകര്‍ഷണം. കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം ഫ്രീ ഏജെന്‍റായ ജിങ്കന്‍ എടികെക്ക് ഒപ്പം ചേരുകയായിരുന്നു. ഇതേവരെ രണ്ട് ഐഎസ്‌എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ കൊല്‍ത്തയെ ഇത്തവണ സ്‌പാനിഷ് പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് കിരീടത്തിലേക്കെത്തിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
സന്ദേശ് ജിങ്കന്‍ കൂടി ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗമാകന്നതോടെ എടികെ മോഹന്‍ബഗാന്‍റെ പ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകും. അഞ്ച് വര്‍ഷത്തെ കരാറാണ് ടീമുമായി ജിങ്കന്‍ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ എടികെക്കൊപ്പം ഫിജിയൻ മുന്നേറ്റ താരം റോയ് കൃഷ്ണ തുടരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ 15 ഐഎസ്‌എല്‍ പോരാട്ടങ്ങളില്‍ നിന്നായി 21 ഗോളുകളാണ് റോയിയുടെ പേരിലുള്ളത്. 20 ഇന്ത്യന്‍ താരങ്ങളും ഏഴ് വിദേശ താരങ്ങളും ടീമിന്‍റെ ഭാഗമാണ്.
മറുഭാഗത്ത് മൂന്ന് പേര്‍ നായകന്‍മാരാകുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഏറെ മുന്നൊരുക്കങ്ങളോടെയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങള്‍. സന്നാഹ മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളിനോട് മാത്രമാണ് പരാജയപ്പെട്ടത്. ഈസ്റ്റ് ബംഗാളിനെതിരായ സന്നാഹ മത്സരത്തില്‍ മാത്രമാണ് ബ്ലാസറ്റേഴ്‌സ് വിദേശ താരങ്ങളെ പരീക്ഷിച്ചത്. സൂപ്പര്‍ സ്‌ട്രെക്കര്‍ ഗാരി ഹൂപ്പര്‍ അടക്കമുള്ള വിദേശ താരങ്ങളെ പരിശീലകന്‍ കിബു വിക്കൂന ഇതിനകം പരീക്ഷിച്ച് കഴിഞ്ഞു. രണ്ട് മത്സരങ്ങളില്‍ ഹൂപ്പര്‍ ഗോളടിച്ചതും മലയാളി താരങ്ങളായ കെപി രാഹുലും സഹല്‍ അബ്‌ദു സമദും ഗോള്‍ നേടിയതും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. യുവത്വവും പരിചയ സമ്പന്നവുമായ ടീമിനെ ഇറക്കാനാണ് കിബു വിക്കൂനയുടെ ശ്രമം. റിസര്‍വ് ടീമില്‍ നിന്നുള്ള അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തി 30തംഗ ടീമിനെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈസ്റ്റ്ബംഗാളും നിലവിലെ ചാമ്പ്യന്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഉദ്‌ഘാടന മത്സരത്തിനപ്പുറും കാല്‍പ്പന്താരാധര്‍ കാത്തിരിക്കുന്ന മറ്റൊരിനം. ഈ മാസം 27ന് വാസ്‌കോയിലെ തിലക് മൈതാനത്താണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുക. കൊല്‍ക്കത്ത ഡര്‍ബിയെന്ന വിശേഷണമാണ് മത്സരത്തിന് ഇതിനകം ആരാധകര്‍ നല്‍കിയിരിക്കുന്നത്. മത്സരം നേരില്‍ കാണാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടെലിവിഷനിലൂടെ കണ്ട് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളുടെയും ആരാധകര്‍. നൂറ്റാണ്ടുകളായി കൊല്‍ക്കത്തയില്‍ തുടരുന്ന പോരാട്ടമാണ് കൊല്‍ക്കത്ത ഡര്‍ബി. മുന്‍ ലിവര്‍പൂള്‍ താരം റോബി ഫൈളറാണ് ഈസ്റ്റ് ബംഗാളിനെ കളി പഠിപ്പിക്കുന്നത്. ഐഎസ്‌എല്ലിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് അദ്ദേഹം. കൗണ്ടര്‍ അറ്റാക്ക് ശൈലി പിന്തുടരുന്ന ഫൈളര്‍ അതിന് പറ്റിയ താരങ്ങളെയാണ് ഇത്തവണ ടീമില്‍ എത്തിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച് പരിചയമുള്ള ഡാനിയേല്‍ പില്‍കിങ്ടണാണ് ഈസ്റ്റ് ബംഗാളിന്‍റെ പ്രധാന വിദേശ താരം. പില്‍കിങ്ടണെ കൂടാതെ സ്‌കോട്ട് നെവില്‍, ആന്‍റണി ഫോക്‌സ്, ജാക്വസ് മഗോമ എന്നിവരും ടീമിന്‍റെ ഭാഗമാണ്.