ഇറ്റാലിയൻ ക്ലബ്ബ് ഇന്‍റർ മിലാന്‍റെ പുതിയ പരിശീലകനായി അന്‍റോണിയോ കോന്‍റെയെ നിയമിച്ചു. ചെല്‍സിയുടെ മുന്‍ പരിശീലകനായിരുന്നു കോന്‍റെ. കഴിഞ്ഞ സീസണിൽ ഇന്‍ററിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടികൊടുത്തിട്ടും മുൻ പരിശീലകൻ ലൂസിയാനോ സ്പാലേറ്റിയെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.
അന്‍റോണിയോ കോന്‍റെ ഇന്‍റർ മിലാനിൽ - സീരി എ
മുൻ പരിശീലകൻ ലൂസിയാനോ സ്പാലേറ്റിക്ക് പകരക്കാരനായാണ് കോന്‍റെ ഇന്‍ററിന്‍റെ പരിശീലകനാകുന്നത്.
നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ യുവെന്‍റസിന്‍റെ പരിശീലകനായി ചുമതല വഹിച്ചിട്ടുള്ളയാളാണ് കോന്‍റെ. യുവെന്‍റസിന് വേണ്ടി 400 മത്സരങ്ങള്‍ കളിച്ച കോന്‍റെ അഞ്ച് ഇറ്റാലിയന്‍ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും കളിക്കാരനെന്ന നിലയിൽ യുവെയ്ക്കായി നേടിയിട്ടുണ്ട്. പിന്നീട് പരിശീലകനായി യുവെന്‍റസില്‍ എത്തിയതിന് ശേഷം തുടര്‍ച്ചയായ മൂന്ന് സീരി എ കിരീടങ്ങളിലേക്ക് ടീമിനെ നയിക്കാനും കോന്‍റെക്ക് സാധിച്ചു. 2014-16 കാലഘട്ടത്തിൽ ഇറ്റാലിയന്‍ ദേശീയ ടീമിനേയും താരം പരിശീലിപ്പിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ലീഗ് സീരി എയിലെ യുവെന്‍റസിന്‍റെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്‍റർ മിലാന്‍ അന്‍റോണിയോ കോന്‍റെയെ പരിശീലകനാക്കുന്നത്. യൂറോപ്പിലെ മുൻനിര താരങ്ങളെ ടീമിൽ എത്തിക്കുന്നതിനോടൊപ്പം മൗറോ ഇക്കാർഡി, മിലൻ സ്ക്രിനിയർ തുടങ്ങിയ സൂപ്പർ താരങ്ങളെ ടീമിൽ നിലനിർത്താനും കാന്‍റെയുടെ വരവ് സഹായിച്ചേക്കും.