മാലി :സാഫ് കപ്പിന്‍റെ ആവേശകരമായ ഫൈനലിൽ ഇന്ത്യ നാളെ നേപ്പാളിനെ നേരിടും. സെമിയിൽ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് സുനിൽ ഛേത്രിയും സംഘവും തങ്ങളുടെ എട്ടാമത്തെ കിരീടം ലക്ഷ്യമിട്ട് ഫൈനലിൽ പന്തുതട്ടാനിറങ്ങുന്നത്.
സാഫ് കപ്പിന്‍റെ ചരിത്രം പരിശോധിച്ചാൽ മറ്റേതൊരു ടീമിനെക്കാളും വ്യക്‌തമായ മുൻതൂക്കം ഇന്ത്യക്ക് തന്നെയാണ്. ഇതുവരെ നടന്ന പതിമൂന്ന് പതിപ്പുകളിൽ പന്ത്രണ്ടിലും ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. ഇതിൽ ഏഴ് തവണ കിരീടവും സ്വന്തമാക്കി. 2003ൽ മാത്രമാണ് ഇന്ത്യക്ക് സാഫ് കപ്പിൽ ഫൈനലിൽ പ്രവേശിക്കാൻ കഴിയാതിരുന്നത്.
ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ആദ്യത്തെ രണ്ട് മത്സരം സമനില വഴങ്ങിയെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ടീം കാഴ്‌ചവെച്ചത്. നേപ്പാളിനെതിരെ നേടിയ ഒരു ഗോളിന്‍റെ വിജയം ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ മാൽദ്വീപ്‌സിനെതിരെ മൂന്ന് ഗോളിന്‍റെ മിന്നും വിജയം നേടിയതോടെ ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാൾ 61 സ്ഥാനം പിന്നിലുള്ള നേപ്പാൾ ഫൈനലിൽ വലിയ വെല്ലുവിളി ഉയർത്തില്ല എന്നുതന്നെയാണ് പ്രതീക്ഷ. ഈ വർഷം ഇരുടീമുകളും മൂന്ന് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്‌തു.
സുനിൽ ഛേത്രി തന്നെയാണ് ഇന്ത്യൻ ടീമിന്‍റെ തുറുപ്പുചീട്ട്. മത്സരത്തിൽ ഇന്ത്യ ഇതുവരെ നേടിയ അഞ്ച് ഗോളുകളിൽ നാലും സുനിൽ ഛേത്രിയുടെ സംഭാവനയായിരുന്നു. കൂടാതെ അന്താരാഷ്ട്ര മത്സരങ്ങളിൽ 79 ഗോളുകളുമായി സാക്ഷാൽ പെലെയെ താരം മറികടക്കുകയും ചെയ്‌തിരുന്നു.
ALSO READ :ലോകകപ്പ് യോഗ്യത : തുടർ വിജയവുമായി അർജന്‍റീന, തകർപ്പൻ ജയവുമായി ബ്രസീൽ
2019ൽ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഇഗോർ സ്റ്റിമാക്കിന് ടീമിനെ കിരീടത്തിലേക്ക് എത്തിക്കാനായാൽ സാഫ് കിരീടം നേടുന്ന മൂന്നാമത്തെ വിദേശ പരിശീലകൻ എന്ന നേട്ടം സ്വന്തമാക്കാനാകും. 1993ൽ ജിറി പെസക്കിനും, 2015ൽ സ്റ്റീഫൻ കോൺസ്റ്റന്‍റൈനുമാണ് ഇതിന് മുൻപ് ടീമിനെ കിരീടത്തിലേക്കെത്തിച്ചത്.