ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനായി ക്രൊയേഷ്യൻ മുൻ താരവും പരിശീലകനുമായ ഇഗോർ സ്റ്റിമാക്കിനെ വിദഗ്ധ സമിതി തെരഞ്ഞെടുത്തു. എ ഐ എഫ് എഫിന്‍റെ അംഗീകാരം ലഭിച്ചശേഷമെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകു.
എ ഐ എഫ് എഫ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന നാല് പേരില്‍ നിന്നാണ് സ്റ്റിമാക്കിനെ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിക്കാനായി തെരഞ്ഞെടുത്തത്. ബെംഗളൂരു എഫ്സി പരിശീലകൻ ആല്‍ബർട്ട് റോക്കയെ മറികടന്നാണ് ഇഗോറിന് നറുക്ക് വീണത്. റോക്കയ്ക്ക് പുറമെ ലീ മിൻ സങ്, ഹക്കാൻ എറിക്സൻ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. ക്രൊയേഷ്യ ദേശീയ ടീമിന്‍റെ പരിശീലകനായി ഒരു വർഷത്തിലേറെ പ്രവർത്തിച്ചതാണ് സ്റ്റിമാക്കിന്‍റെ പ്രധാന പരിചയസമ്പത്ത്. 2012-13 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. ഖത്തർ ക്ലബായ അല്‍ ഷഹാനിയയിലാണ് സ്റ്റിമാക്ക് അവസാനമായി പ്രവർത്തിച്ചത്.