ദോഹ:കാല്‍പന്തിന്‍റെ ലോകത്തെ ഇതിഹാസം ലയണല്‍ മെസിയുടെ ആരാധകനാണെന്ന് സുനില്‍ ഛേത്രി. കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മെസിയെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഛേത്രി മറികടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഛേത്രിയുടെ പ്രതികരണം. മെസിയെ നേരില്‍ കാണുകയാണെങ്കില്‍ കൈ കൊടുത്ത ശേഷം അദ്ദേഹത്തിന്‍റെ ആരാധകനാണെന്ന് പറയുമെന്ന് ഛേത്രി പ്രതികരിച്ചു. മെസിയെ ഇതേവരെ നേരില്‍ കാണാന്‍ ഛേത്രിക്ക് സാധിച്ചിട്ടില്ല.
72 അന്താരാഷ്‌ട്ര ഗോളുകളെന്ന മെസിയുടെ നേട്ടമാണ് ഛേത്രി മറികടന്നത്. നിലവില്‍ ഛേത്രിയുടെ പേരില്‍ 117 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും 74 ഗോളുകള്‍ വീതമാണുള്ളത്. 109 ഗോളുകളുള്ള ഇറാന്‍റെ അലി ദേയാണ് പട്ടികയില്‍ ഒന്നാമത്. 149 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നാണ് അലിയുടെ നേട്ടം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 175 മത്സരങ്ങളില്‍ നിന്നും 104 ഗോളുകളാണ് റോണോയുടെ പേരിലുള്ളത്. അഞ്ച് ഗോളുകള്‍ കൂടി നേടിയാല്‍ അലിയുടെ നേട്ടത്തിനൊപ്പം റോണോക്ക് എത്താന്‍ സാധിക്കും.