ഐ-ലീഗിന്‍റെ കിരീട പോരാട്ടം അവസാന ദിവസത്തിലേക്ക് എത്തുന്ന പതിവ് ഇത്തവണയും തുടരുകയാണ്. ഇന്ന് നടന്ന നിർണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഈസ്റ്റ് ബംഗാൾ കിരീട സാധ്യത നിലനിർത്തി.
ഐ-ലീഗ് കിരീടപോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് - MINERVA
ഇന്ന് നടന്ന മത്സരത്തില്‍ മിനർവ പഞ്ചാബിനെ തോല്‍പ്പിച്ച ഈസ്റ്റ് ബംഗാൾ കിരീടസാധ്യത നിലനിർത്തി. ഐ-ലീഗ് ചാമ്പ്യന്മാരെ നിർണയിക്കുന്ന പോരാട്ടങ്ങൾ ശനിയാഴ്ച നടക്കും.
മിനർവ പഞ്ചാബിനെതിരായ മത്സരത്തില്‍ ഈസ്റ്റ് ബംഗാൾ വിജയിച്ചില്ലായിരുന്നു എങ്കില്‍ ഐ-ലീഗ് കിരീടം ചെന്നൈ സിറ്റിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ 75ാംമിനിറ്റില്‍ എസ്കേഡ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ കിരീട പ്രതീക്ഷകൾ ബാക്കിയാക്കി. ഇനി ഒരു മത്സരം കൂടി ശേഷിക്കെ കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.
നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സിറ്റിക്ക് 40 പോയിന്‍റാണ് ഉള്ളത്. രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിന് 39 പോയിന്‍റും. ശനിയാഴ്ച നടക്കുന്ന അവസാന മത്സരങ്ങളില്‍ ചെന്നൈ സിറ്റി മിനർവ പഞ്ചാബിനെയും ഈസ്റ്റ് ബംഗാൾ ഗോകുലം എഫ്സിയേയുമാണ് നേരിടുന്നത്. ചെന്നൈ പരാജയപ്പെടുകയും ഈസ്റ്റ് ബംഗാൾ വിജയിക്കുകയും ചെയ്താല്‍ കിരീടം ബംഗാളിലേക്ക് പോകും. അതേ സമയം മത്സരം സമനിലയിലായാല്‍ ഇരുടീമുകൾക്കും 40 പോയിന്‍റാകും. അങ്ങനെ വന്നാല്‍ ഹെഡ് ടു ഹെഡിന്‍റെ മികവില്‍ ചെന്നൈ സിറ്റി ചാമ്പ്യന്മാരാകും.