പനാജി: ഐഎസ്എല്ലില്‍ ഹൈദരാബാദിന്‍റെ ഗോൾ വല നിറച്ച് എഫ്‌സി ഗോവ. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. ഹ്യൂഗോ ബൗമൗസിന്‍റെയും ഫെരന്‍ കോറോമിനാസിന്‍റെയും ഇരട്ട ഗോളുകളുടെ മികവിലാണ് ഗോവയുടെ ജയം. 19-ാം മിനിട്ടില്‍ ബൗമൗസാണ് ആതിഥേയർക്കായി ആദ്യ ഗോൾ നേടിയത്. മധ്യനിര താരം മാന്ദർ റാവുവിന്‍റെ അസിസ്റ്റിലാണ് ഗോൾ പിറന്നത്. രണ്ടാം പകുതിയിലെ 50-ാം മിനിട്ടിലാണ് ബൗമൗസ് ഗോവക്കായി അടുത്ത ഗോൾ സ്വന്തമാക്കിയത്. 68-ാം മിനിട്ടില്‍ ബൗമൗസിന്‍റെ അസിസ്‌റ്റില്‍ കൊറോമിനാസ് മൂന്നാമത്തെ ഗോൾ നേടി. 87-ാം മിനിട്ടില്‍ കൊറോമിനാസ് പെനാല്‍ട്ടിയിലൂടെ ഗോവയുടെ ഗോൾ പട്ടിക തികച്ചു. 64-ാം മിനിട്ടില്‍ മാർസലോ പെരിറ ഹൈദരാബാദിനായി ആശ്വാസഗോൾ നേടി.
ഹൈദരാബാദിന്‍റെ ഗോൾ വല നിറച്ച് ഗോവ - ഐഎസ്‌എല്‍ വാർത്ത
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോവ എഫ്‌സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഗോവ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 33 പോയിന്‍റാണ് ഗോവക്കുള്ളത്. ലീഗിലെ തുടർച്ചയായ മൂന്നാം ജയമാണ് ഹൈദരാബാദിനെതിരെ ഗോവ സ്വന്തമാക്കിയത്. 30 പോയിന്‍റുമായി എടികെയാണ് പൊയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരുവാണ് പോയിന്‍റ് പട്ടികയില്‍ മൂന്നാമതുള്ളത്. 28 പോയിന്‍റാണ് ബംഗളൂരുവിനുള്ളത്. ഗോവ ഫെബ്രുവരി 12ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.