കേരളം

kerala

ETV Bharat / sports

അവസാന മത്സരത്തിലും സമനില കൈവിടാതെ ബ്ലാസ്റ്റേഴ്സ് - സമനില

നോർത്ത് ഈസ്റ്റ് പത്ത് പേരായി ചുരുങ്ങിയിട്ടും ജയം കണ്ടെത്താനാകാതെ ബ്ലാസ്റ്റേഴ്സ്. സെമിയില്‍ ബെംഗളൂരു നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായും എഫ്സി ഗോവ മുംബൈ സിറ്റിയുമായും ഏറ്റുമുട്ടും.

ഫയൽചിത്രം

By

Published : Mar 2, 2019, 5:46 AM IST

ഐഎസ്എല്‍ സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ഗോൾരഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.

കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് പേരുമായി കളിച്ച നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോൾ പോലും നേടാൻ കേരളത്തിനായില്ല. 23ആം മിനിറ്റില്‍ കേരളത്തിന്‍റെ കൗണ്ടർ അറ്റാക്ക് തടയുന്നതിനിടെ നോർത്ത് ഈസ്റ്റിന്‍റെ ഗുർവീന്ദറിന് റഫറി ചുവപ്പ് കാർഡ് നല്‍കുകയായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പത്ത് പേരായി ചുരുങ്ങിയതിന് ശേഷം മത്സരത്തിന്‍റെ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തെങ്കിലും വിജയഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.ഇന്നത്തെ സമനിലയോടെ പതിനെട്ട് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് പോയിന്‍റുമായി ഒമ്പതാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു. ഈ സീസണില്‍ രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.

ഫയൽചിത്രം

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പ്ലേ ഓഫ് മത്സരങ്ങളുടെ ക്രമത്തിലും തീരുമാനമായി. 34 പോയിന്‍റുകൾ വീതമുള്ള ബെംഗളൂരു എഫ്സിയും എഫ്സി ഗോവയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 30 പോയിന്‍റുകളുള്ള മുംബൈ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. ഒരു മത്സരം കൂടി ശേഷിക്കുന്നത് കൊണ്ട് മുംബൈക്ക് 33 പോയിന്‍റ് വരെ എത്താനാകും. നാലാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 29 പോയിന്‍റകളാണുള്ളത്.

സെമിഫൈനല്‍ മത്സരങ്ങളുടെ ആദ്യപാദം മാർച്ച് എട്ട്, ഒമ്പത് തിയതികളിലും രണ്ടാം പാദം പതിനൊന്ന്, പന്ത്രണ്ട് തിയതികളിലുമാണ് നടക്കുന്നത്. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു നാലാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിനെയും രണ്ടാം സ്ഥാനക്കാരായ ഗോവ മൂന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിയുമായും ഏറ്റുമുട്ടും. മാർച്ച് 17ന് മുംബൈ ഫുട്ബോൾ അരീനയിലാണ് കലാശപോരാട്ടം.

ABOUT THE AUTHOR

...view details