കേരളം

kerala

ETV Bharat / sports

ലിവറിന്‍റെ കിരീടത്തില്‍ കണ്ണുവെച്ച് മാഞ്ചസ്റ്റർ ടീമുകളും ചെല്‍സിയും ആഴ്‌സണലും - arsenal news

സെപ്‌റ്റംബര്‍ 12ന് ആഴ്‌സണലും ഫുള്‍ഹാമും തമ്മിലുള്ള മത്സരത്തോടെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ലയണല്‍ മെസിയെ ഉള്‍പ്പെടെ എത്തിച്ച് പോരാട്ടം കടുപ്പിക്കാനാണ് പ്രീമിയർ ലീഗ് ക്ലബുകളുടെ ശ്രമം.

പ്രീമിയര്‍ ലീഗ് വാര്‍ത്ത  premier league news  ലിവര്‍പൂള്‍ വാര്‍ത്ത  ആഴ്‌സണല്‍ വാര്‍ത്ത  ചെല്‍സി വാര്‍ത്ത  liverpool news  arsenal news  chelsea news
പ്രീമിയര്‍ ലീഗ്

By

Published : Aug 30, 2020, 6:13 PM IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെമ്പട നടത്തിയ തേരോട്ടത്തിന്‍റെ പ്രകമ്പനങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് വീണ്ടും അടുത്ത സീസണ് തുടക്കമാവുകയാണ്. എന്നാല്‍ ഇത്തവണ ലിവര്‍പൂളിന് കിരീടം നിലനിര്‍ത്താന്‍ നന്നായി അധ്വാനിക്കേണ്ടി വരും. ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ വമ്പന്‍ താരങ്ങളെയൊന്നും ആന്‍ഫീല്‍ഡില്‍ എത്തിക്കാന്‍ ക്ലോപ്പ് ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിന് പുറമെ ക്ലബ് ലോകകപ്പും ആന്‍ഫീല്‍ഡിലെ ഷെല്‍ഫിലെത്തിക്കാന്‍ ഹെന്‍ഡേഴ്‌സണും കൂട്ടര്‍ക്കും സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആന്‍ഫീല്‍ഡിലെ പോരാളികള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വിങ്ങള്‍ സാദിയോ മാനെ ക്ലബ് വിടാന്‍ ഒരുങ്ങുന്നതും നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയാകും. ചടുലമായ നീക്കങ്ങളുമായി കളം പിടിക്കാനുള്ള ജര്‍മന്‍ പരിശീലകന്‍ ക്ലോപ്പിന്‍റെ ശ്രമങ്ങള്‍ വിജയിച്ചാല്‍ വീണ്ടും ആന്‍ഫീല്‍ഡിലെ പടക്കുതിരകള പിടിച്ചുകെട്ടാന്‍ സാധിച്ചെന്നുവരില്ല.

ലിവര്‍പൂളിനെ അട്ടിമറിച്ച് ഗണ്ണേഴ്‌സ്

പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും ലക്ഷ്യമിട്ട് ഇംഗ്ലീഷ് ക്ലബുകള്‍ കച്ച മുറുക്കി കഴിഞ്ഞു. ചെല്‍സിയും ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പുതിയ താരങ്ങളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഗണ്ണേഴ്‌സ് രണ്ട് കിരീടങ്ങളാണ് സ്വന്തമാക്കിയത്. കമ്മ്യൂണിറ്റി ഷീല്‍ഡിന് വേണ്ടി വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ അവര്‍ അട്ടിമറിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടിലൂടെയാണ് ആഴ്‌സണല്‍ കപ്പടിച്ചത്. ഷൂട്ട് ഔട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ കപ്പ് ആയുധപ്പുരയില്‍ എത്തിച്ചത്.

മത്സരത്തിന്‍റെ ആദ്യപകുതിയിലെ 12ാം മിനിട്ടില്‍ ആഴ്‌സണലിന് വേണ്ടി ഒബമയാങ്ങും രണ്ടാം പകുതിയിലെ 73ാം മിനിട്ടില്‍ ലിവര്‍പൂളിന് വേണ്ടി ജപ്പാനീസ് താരം തക്കുമി മിനാമിനോയും ഗോള്‍ നേടി. പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും പാളിച്ചകള്‍ പരിഹരിച്ചായിരുന്നു അട്ടേരയുടെ കുട്ടികള്‍ കളിക്കളത്തിലേക്കുള്ള തിരിച്ചുവന്നത്. കിരീട നേട്ടത്തിന് ശേഷം ഒബാമയാങ്ങ് ക്ലബ് വിടില്ലെന്ന് അട്ടേര വ്യക്തമാക്കിയിട്ടുണ്ട്. പന്തടക്കത്തിന്‍റെ കാര്യത്തിലും ആക്രമണത്തിന്‍റെ മൂര്‍ച്ചയുടെ കാര്യത്തിലും ലിവര്‍പൂളിനൊപ്പമെത്തിയില്ലെങ്കിലും ഗണ്ണേഴ്‌സ് ഏറെ മുന്നേറി കഴിഞ്ഞു. കഴിഞ്ഞ സീസണിന്‍റെ പകുതിയോടെ അട്ടേര എമിറേറ്റ് സ്റ്റേഡിയത്തില്‍ എത്തുമ്പോഴുണ്ടായിരുന്ന കുത്തഴിഞ്ഞ അവസ്ഥയിലല്ല ഇന്ന് ക്ലബ്. ചെല്‍സിയില്‍ നിന്നും ബ്രസീലിയന്‍ താരം വില്ലിയനെ എമിറേറ്റ്‌സില്‍ എത്തിക്കാനും അട്ടേരക്കായി. അതോടൊപ്പം ചെല്‍സിയെ കീഴടക്കി എഫ് എ കപ്പ് സ്വന്തമാക്കി രണ്ട് കിരീടങ്ങളാണ് ആഴ്‌സണല്‍ ഈ സീസണില്‍ സ്വന്തമാക്കിയത്.

ലമ്പാര്‍ഡിന്‍റെ കരുതലില്‍ നീലപ്പട

സമാന രീതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ചെല്‍സിക്കും സാധിച്ചിട്ടുണ്ട്. പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് ചെല്‍സി വമ്പന്‍ കൈമാറ്റങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. പിഎസ്‌ജിയില്‍ നിന്നും ഫ്രീ ട്രാന്‍സ്‌ഫറിലൂടെ നായകന്‍ തിയാഗോ സില്‍വയെ അവര്‍ നീലപ്പടയുടെ പാളയത്തില്‍ എത്തിച്ചു. തിയാഗോയുടെ വരവോടെ പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് ലമ്പാര്‍ഡ്. പ്രതിരോധത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ബെന്‍ ചില്‍വെല്ലും ആന്‍ഫീല്‍ഡില്‍ എത്തിയിട്ടുണ്ട്. ബ്രസീലിയന്‍ വിങ്ങര്‍ വില്ലിയന്‍റെ വിടവ് നികത്തുകയാകും ലമ്പാര്‍ഡിന് മുന്നിലെ പ്രധാന വെല്ലുവിളി.

മിശിഹയെ കാത്ത് മാഞ്ചസ്റ്റര്‍

കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്ററിലെ വമ്പന്‍മാരുമുണ്ട്. ലയണല്‍ മെസിയെ ഉള്‍പ്പെടെയാണ് പെപ്പ് ഗാര്‍ഡിയോളയും സോള്‍ഷെയറും നോട്ടമിടുന്നത്. കാല്‍പന്ത് കളിയിലെ മിശിഹ മാഞ്ചസ്റ്ററില്‍ അവതരിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും മെസി സിറ്റിയിലേക്കെന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഗ്രീന്‍വുഡും റാഷ്‌ഫോര്‍ഡും മാർഷ്യലും ഉള്‍പ്പെടുന്ന യുണൈറ്റഡിന്‍റെ മുന്നേറ്റ നിരയും ശക്തമാണ്. അതേസമയം വിവാദത്തില്‍ അകപ്പെട്ട നായകന്‍ ഹാരി മഗ്വയറാണ് സോള്‍ഷെയര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്. ഗ്രീസിലെ ഒഴിവുകാല ആഘോഷത്തിനിടെയുണ്ടായ അടിപിടിക്കേസാണ് മഗ്വയറിന് കുരുക്കാകുന്നത്. മറുവശത്ത് സിറ്റിക്ക് വേണ്ടി അഗ്യൂറോയും ഗബ്രിയേല്‍ ജസൂസും റഹീം സ്റ്റര്‍ലിങ്ങും ഉള്‍പ്പെടുന്ന മുന്നേറ്റ നിരയും കരുത്തുറ്റതാണ്.

പ്രീമയര്‍ ലീഗില്‍ 20 ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരെല്ലാം കിരീട പോരാട്ടത്തിലുണ്ടാകുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്. പ്രീമിയര്‍ ലീഗ് കിരീടവും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുമാണ് എല്ലാവരുടെയും ലക്ഷ്യം. കൊവിഡ് 19 ഭീതിക്കിടെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ഫുള്‍ഹാമും ആഴ്‌സണലും തമ്മില്‍ സെപ്‌റ്റംബര്‍ 12ന് നടക്കുന്ന മത്സരത്തോടെയാണ് ലീഗിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക.

ABOUT THE AUTHOR

...view details