ബ്രസ്സൽസ് : ഒരു മത്സരത്തില്‍ മുഴുവന്‍ സമയവും കളിക്കാന്‍ ആരോഗ്യപരമായി തനിക്കാവില്ലെന്ന് ബെല്‍ജിയം മിഡ്‌ഫീല്‍ഡര്‍ ഈഡൻ ഹസാർഡ്. കണങ്കാലിനേറ്റ പരിക്കാണ് തന്നെ അലട്ടുന്നതെന്നും ആവര്‍ത്തിക്കുന്ന പരിക്കിനെ തുടര്‍ന്ന് തന്‍റെ ശൈലിയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാവുകയാണെന്നും ഹസാർഡ് പറഞ്ഞു.
'മത്സരം എങ്ങനെ പോകുന്നുവെന്ന് നിരീക്ഷിക്കേണ്ടതുണ്ട്, പക്ഷേ ഞാൻ 90 മിനിട്ടും കളിക്കാന്‍ തയ്യാറാകണമെന്നില്ല. നിര്‍ണായകമായ സമയത്ത് കഴിയുന്നത്ര സമയം കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. അത് ചിലപ്പോള്‍ 50 മിനുട്ട് അണെങ്കില്‍ അങ്ങനെ അല്ലെങ്കില്‍ 60 മിനുട്ട് ആണെങ്കില്‍ അങ്ങനെ. നമുക്ക് കാത്തിരുന്നു കാണാം' - ഹസാർഡ് പറഞ്ഞു.
also read:ട്രാന്‍സ്‌ജെന്‍ഡർ അത്‌ലറ്റുമായി ന്യൂസിലന്‍ഡ് ഒളിമ്പിക്‌സിന്; ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യം
'എന്‍റെ ഗുണങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംശയിച്ചിട്ടില്ല, പക്ഷേ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് 100 ശതമാനവും ഞാന്‍ ഫിറ്റല്ല. എന്‍റെ കണങ്കാല്‍ മൂന്ന് തവണ ഒടിഞ്ഞിട്ടുണ്ട്. 10 വര്‍ഷം മുന്‍പേ അതെങ്ങനെയായിരുന്നോ, ഇപ്പോള്‍ ഒരിക്കലും അതങ്ങനെയല്ല. പൂര്‍ണമായ കായിക ക്ഷമതയുണ്ടെങ്കില്‍ മാത്രമേ കളിക്കളത്തില്‍ മികവ് പുലര്‍ത്താനാവൂ. അതിനായാണ് ഞാന്‍ പരിശ്രമിക്കുന്നത്' - താരം കൂട്ടിച്ചേര്‍ത്തു.
ചെല്‍സി താരമായ ഈഡൻ ഹസാർഡിന് കഴിഞ്ഞ ലാലിഗയില്‍ പരിക്കിനെ തുടര്‍ന്ന് 10 മത്സരങ്ങളിലാണ് തുടക്കം മുതല്‍ കളിക്കാനായത്. അതേസമയം യൂറോ കപ്പിലെ ഗ്രൂപ്പ് ബിയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം. ബുധനാഴ്ച പുലര്‍ച്ചെ 12.30ന് ഫിന്‍ലാന്‍ഡുമായാണ് ടീമിന്‍റെ അടുത്ത മത്സരം.