കേരളം

kerala

ETV Bharat / sports

പ്രീമിയർ ലീഗില്‍ കപ്പുയർത്താൻ വമ്പൻമാർ: ഇനി ഇഞ്ചോടിഞ്ച് പോരാട്ടം - manchester city first news

കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

പ്രീമിയര്‍ ലീഗ് പോരാട്ടം വാര്‍ത്ത  മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത് വാര്‍ത്ത  പ്രീമിയര്‍ ലീഗ് വിലയിരുത്തല്‍ വാര്‍ത്ത  premier league fight news  manchester city first news  premier league evaluation news
പ്രീമിയര്‍ ലീഗ്

By

Published : Jan 27, 2021, 8:33 PM IST

പണക്കൊഴുപ്പിലും താര പ്രഭാവത്തിലും ലോകത്തെ ഏറ്റവും മുന്തിയ ഫുട്‌ബോൾ ലീഗ് ഏതെന്ന് ചോദിച്ചാല്‍ ആദ്യം മനസില്‍ വരുന്ന ഉത്തരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നാകും. കാരണം മറ്റ് ലീഗുകളില്‍ ഒന്നോ രണ്ടോ ടീമുകൾക്ക് മാത്രമാണ് സൂപ്പർ താരങ്ങളുടെ സാന്നിധ്യമുണ്ടാകുക. എന്നാല്‍ പ്രീമിയർ ലീഗിലെ അഞ്ചിലധികം ടീമുകൾ സൂപ്പർ താരങ്ങളാലും പണക്കൊഴുപ്പാലും സമ്പന്നമാണ്. ഓരോ സീസണിലും കപ്പുയർത്താൻ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇംണ്ടണ്ടില്‍ നടക്കുക. പോയ വർഷം ലിവർപൂൾ അപരാജിതരായി മുന്നേറിയാണ് കപ്പുയർത്തിയത്. എന്നാല്‍ ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർ സിറ്റി, ലിവർ പൂൾ, ടോട്ടൻഹാം എന്നിവരെല്ലാം കപ്പിനായി ശക്തമായ പോരാട്ടത്തിലാണ്. ഓരോ മത്സരത്തിലെയും ജയ പരാജയങ്ങൾ ലീഗിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരുടെ കാര്യത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. പ്രീമിയർ ലീഗില്‍ പകുതി മത്സരങ്ങൾ പിന്നിടുമ്പോൾ ആരാകും കപ്പുയർത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്റര്‍ സിറ്റിയും ലിവർ പൂളും ടോട്ടന്‍ഹാമും ഒപ്പത്തിനൊപ്പം പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താൻ മത്സരിക്കുകയാണ്.

കിതക്കുന്ന ആന്‍ഫീല്‍ഡ്

ലിവര്‍പൂള്‍(ഫയല്‍ ചിത്രം).

കഴിഞ്ഞ സീസണില്‍ അപരാജിതരായി മുന്നേറി ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ഇത്തവണ തൊടുന്നതെല്ലാം പിഴക്കുകയാണ്. ലിവര്‍പൂളിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒരു ഗോൾ പോലും ചെമ്പടക്ക് സ്വന്തമാക്കാനായിട്ടില്ല. കൂടാതെ നാല് വര്‍ഷത്തിനൊടുവില്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പരാജയപ്പെടുകയും ചെയ്‌തു. ദുര്‍ബലരായ ബേണ്‍ലിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയതോടെ ലിവര്‍പൂളിന്‍റെ തിരിച്ചുവരവിനായി ആന്‍ഫീല്‍ഡിലെ ആരാധകര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിരിക്കുന്നു.

ജനുവരി ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ പുതിയ പ്രതിരോധ താരങ്ങളെ ഉള്‍പ്പെടെ ക്ലബിലെത്തിക്കാത്തതില്‍ മാനേജ്‌മെന്‍റിനോട്, പരിശീലകന്‍ ക്ലോപ്പ് നീരസം പ്രകടിപ്പിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തി. ലിവര്‍പൂളിന്‍റെ പ്രതിരോധ നിരയിലെ വിര്‍ജില്‍ വാന്‍ഡിക് ഉള്‍പ്പെടെ നാല് താരങ്ങളാണ് പരിക്ക് കാരണം പുറത്തിരിക്കുന്നത്. ഈ സാഹചര്യത്തിലും പുതിയ പ്രതിരോധ താരമെന്ന സാധ്യത പരിഗണിക്കാന്‍ ക്ലബ് അധികൃതര്‍ ശ്രമിക്കുന്നില്ല. പാളുന്ന പ്രതിരോധവുമായി ലിവര്‍പൂളിന് സീസണില്‍ എത്രത്തോളം മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഇനി കണ്ടറിയണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന എവേ മത്സരത്തില്‍ ഇത് പ്രത്യക്ഷത്തില്‍ കാണാന്‍ സാധിച്ചു. മധ്യനിരയില്‍ നിന്നും നീട്ടി നില്‍കിയ പാസുകളിലൂടെയാണ് ചുകന്ന ചകുത്താന്‍മാര്‍ രണ്ട് തവണ ചെമ്പടയുടെ നെഞ്ച് പിളര്‍ന്നത്. സോള്‍ഷെയറുടെ തന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കാതെ ലിവര്‍പൂള്‍ വിയര്‍ക്കുന്നതിനാണ് ഓള്‍ഡ് ട്രാഫോഡ് സാക്ഷിയായത്.

കപ്പ് തിരിച്ച് പിടിക്കാൻ തന്ത്രങ്ങളുമായി ഗാര്‍ഡിയോള

മാഞ്ചസ്റ്റര്‍ സിറ്റി(ഫയല്‍ ചിത്രം).

തുടര്‍ച്ചയായി രണ്ട് തവണ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത പെപ്പ് ഗാര്‍ഡിയോളക്ക് ഇനിയു അത്‌ഭുതങ്ങള്‍ കാണിക്കാന്‍ ബാല്യം ബാക്കിയുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായി പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഫിനിഷ് ചെയ്‌ത സിറ്റി ഇത്തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒന്നാം സ്ഥാനത്തിനായി മത്സരിക്കുകയാണ്. 2019 സീസണില്‍ കിരീടം നേടുമ്പോള്‍ ക്ലബിലുണ്ടായിരുന്ന മിക്ക താരങ്ങളും ഇപ്പോഴും സിറ്റിയുടെ പാളയത്തില്‍ തുടരുകയാണ്. കെവിന്‍ ഡി ബ്രൂണി, സെര്‍ജിയോ അഗ്യൂറോ, റഹീം സ്റ്റര്‍ലിങ് എന്നിവര്‍ ഉള്‍പ്പെടുന്ന നിരക്ക് ഏത് മത്സരത്തിന്‍റെയും ഫലം നിര്‍ണയിക്കാന്‍ സാധിക്കും.

സീസണിന്‍റെ ഓരോ ഘട്ടത്തില്‍ വിവിധ ഫോര്‍മേഷനുകളും തന്ത്രങ്ങളുമായി ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ കളം നിറഞ്ഞു. കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധികളും പരിക്കും മാറ്റിനിര്‍ത്തിയാല്‍ ഇത്തവണ സിറ്റി കപ്പുയര്‍ത്താന്‍ മറ്റ് ക്ലബുകളെക്കാള്‍ സാധ്യത കൂടുതലാണ്. സീസണില്‍ 12 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 41 പോയിന്‍റാണ് സിറ്റിക്കുള്ളത്. ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് മധ്യനിരയില്‍ ഉള്‍പ്പെടെ കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ സാധിച്ചാല്‍ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. 2016 മുതല്‍ സിറ്റിക്കൊപ്പം തുടരുന്ന ഗാര്‍ഡിയോളക്ക് ഒരിക്കല്‍ കൂടി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെകുത്താന്‍മാരുടെ തലവര മാറുമോ

ഓള്‍ഡ് ട്രാഫോഡ് (ഫയല്‍ ചിത്രം).

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചുകന്ന ചെകുത്താന്‍മാര്‍ ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുമോ എന്നറയാനുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍. ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ 2013ല്‍ വിരമിച്ച ശേഷം ഓള്‍ഡ് ട്രാഫോഡിലെ ഷെല്‍ഫില്‍ പ്രീമിയര്‍ ലീഗ് കിരീടമെത്തിയിട്ടില്ല. 2018 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റ പരിശീലകനായി തുടരുന്ന ഒലേ ഗണ്ണന്‍ സോള്‍ഷയര്‍ക്ക് ഇത്തവണ പ്രീമിയര്‍ ലീഗ് കരീടം സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. മങ്ങിയ തുടക്കമായിരുന്നെങ്കിലും സീസണ്‍ പകുതിയാകുമ്പോഴേക്കും ടീമെന്ന നിലയില്‍ വമ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ യുണൈറ്റഡിന് സാധിക്കുന്നുണ്ട്.

ഓള്‍ഡ് ട്രാഫോഡ് (ഫയല്‍ ചിത്രം).

മധ്യനിരയില്‍ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്‍റെ ശക്തി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും മേസണ്‍ ഗ്രീനും ഉള്‍പ്പെടുന്ന മുന്നേറ്റനിര ഫോമിലേക്കുയര്‍ന്നതും സോള്‍ഷയര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കൂടാതെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബയും ഫോം വീണ്ടെടുക്കുന്നതിന്‍റെ സൂചനകള്‍ ഈ സീസണില്‍ ഇതിനകം നല്‍കി കഴിഞ്ഞു. കഴിഞ്ഞ സീസണിലും ഈ സീസണിന്‍റെ തുടക്കത്തിലുമായി ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന മാഞ്ചസ്റ്ററിലെ ചെകുത്താന്‍മാര്‍ക്ക് നല്ലകാലം ആരംഭിച്ചെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ ഉള്‍പ്പെടെ പറയുന്നത്. ഏഴാം നമ്പറില്‍ കളിക്കുന്ന എഡിസണ്‍ കവാനി കൂടി പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ സീസണില്‍ കിരീട സാധ്യത കൂടുതലുള്ള ടീമുകളില്‍ ഒന്നായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാറുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല.

കിരീടം തേടി ലെസ്റ്റര്‍ സിറ്റി

ലെസ്റ്റര്‍ സിറ്റി(ഫയല്‍ ചിത്രം).

പ്രീമിയര്‍ ലീഗില്‍ കിരീടം പ്രതീക്ഷ നിലനിര്‍ത്തുന്ന മറ്റൊരു ടീമാണ് ലെസ്റ്റര്‍ സിറ്റി. ഇതിന് മുമ്പ് 2015-16 സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലെസ്റ്റര്‍ സിറ്റി ഇത്തവണ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയ ടീമുകളില്‍ ഒന്നാണ്. ഇതേവരെ കളിച്ച 19 പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ 12 എണ്ണത്തില്‍ പരിശീലകന്‍ ബ്രെന്‍ഡന്‍ റോജേഴ്‌സിന്‍റെ ശിഷ്യന്‍മാര്‍ വെന്നിക്കൊടി പാറിച്ചു. രണ്ട് മത്സരങ്ങള്‍ സമനിലയും സ്വന്തമാക്കാനായി. പ്രീമിയര്‍ ലീഗിലെ മൂന്ന് സീസണുകളില്‍ തുടര്‍ച്ചയായി സ്ഥിരതയോടെ മുന്നോട്ട് പോകുന്ന ലെസ്റ്റര്‍ സിറ്റി ഇത്തവണ കിരീട പോരാട്ടത്തില്‍ സജീവ സാന്നിധ്യമായി മാറും.

മൗറിന്യോയുടെ തന്ത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ടോട്ടന്‍ഹാം

ടോട്ടന്‍ഹാം (ഫയല്‍ ചിത്രം).

പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറിന്യോക്ക് കീഴില്‍ ഒരു സീസണ്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്ന ടോട്ടന്‍ഹാം സീസണില്‍ ഇതിനകം ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഇതിനകം 18 മത്സരങ്ങളില്‍ നിന്നും ഒമ്പത് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 33 പോയിന്‍റാണ് സണ്‍ ഹ്യൂമും കൂട്ടരും സ്വന്തമാക്കിയത്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം സ്വന്തമാക്കിയ സണ്‍ ഹ്യൂമും ഇംഗ്ലീഷ് താരം ഹാരി കെയിനുമാണ് ടോട്ടന്‍ഹാമിന്‍റെ ഗോളടിയന്ത്രങ്ങള്‍. ഇരുവര്‍ക്കുമൊപ്പം മൗറിന്യോയുടെ തന്ത്രങ്ങള്‍ കൂടിച്ചേരുമ്പോള്‍ കിരീട പോരാട്ടത്തില്‍ ടോട്ടന്‍ഹാമിന് മുന്‍തൂക്കം ലഭിക്കും. മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞാല്‍ സീസണില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീം കൂടിയാണ് ടോട്ടന്‍ഹാം.

പ്രതീക്ഷ കൈവിടാതെ മുന്നോട്ട്

തോമസ് ട്യുഷല്‍(ഫയല്‍ ചിത്രം).

ആദ്യ നാല് സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മറ്റ് മൂന്ന് ടീമുകള്‍ കൂടി ഇത്തവണ മുന്നിലുണ്ടാകും. വെസ്റ്റ് ഹാം, ആസ്റ്റണ്‍ വില്ല, ചെല്‍സി, സതാംപ്‌റ്റണ്‍ എന്നീ ടീമുകളാണ് ഇത്തവണ ആദ്യ നാലില്‍ ഇടം നേടാനായി പൊരുതുക. ഫ്രാങ്ക് ലമ്പാര്‍ഡിന് പകരം തോമസ് ട്യുഷല്‍ പരിശീലകനായി എത്തിയ സാഹചര്യത്തില്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തുന്ന ചെല്‍സിയെ എഴുതിത്തള്ളാന്‍ സാധിക്കില്ല.

ജര്‍മന്‍ പരിശീലകന്‍റെ തന്ത്രങ്ങള്‍ ചെല്‍സിയില്‍ പുതിയ ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ആരാധകര്‍. ബ്രസീലിയന്‍ പ്രതിരോധ താരം തിയാഗോ സില്‍വയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയാലെ ചെല്‍സിക്ക് മുന്നോട്ട് പോകാന്‍ സാധിക്കു. യുവനിരയിലാണ് ചെല്‍സിയുടെ പ്രതീക്ഷ. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ വമ്പന്‍ മുതല്‍ മുടക്കാണ് ചെല്‍സിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ടാമി എബ്രഹാമും പുലിസിക്കും ഉള്‍പ്പെടുന്ന മുന്നേറ്റ നിര ഫോമിലേക്കുയര്‍ന്നാല്‍ ചെല്‍സിക്ക് സീസണില്‍ ഇനിയും ഏറെ മുന്നോട്ട് പോകാന്‍ സാധിക്കും.

കഴിഞ്ഞ സീസണില്‍ ഒരു ഘട്ടത്തില്‍ തരംതാഴ്‌ത്തപ്പെടുമെന്ന് തോന്നിച്ച ശേഷമാണ് ആസ്റ്റണ്‍ വില്ല ഈ സീസണില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞ സീസണില്‍ 17-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ആസ്റ്റണ്‍ വില്ല ഇത്തവണ പകുതി സമയം പിന്നിടുമ്പോഴേക്കും പോയിന്‍റ് പട്ടികയില്‍ മുൻ നിരയിലുണ്ട്. ഡീന്‍ സ്‌മിത്തിന്‍റെ പരിശീലനത്തിന് കീഴില്‍ പടിപടിയായ വളര്‍ച്ചയാണ് ആസ്റ്റണ്‍ വില്ല പുറത്തെടുക്കുന്നത്. 2018 മുതല്‍ ആസ്റ്റണ്‍ വില്ലക്കൊപ്പമുള്ള ഇംഗ്ലീഷ് പരിശീലകന്‍ ഡീന്‍ ആസ്റ്റൺ വില്ലയെ ഇത്തവണ ഏറെ മുന്നോട്ട് കൊണ്ടുപോയി കഴിഞ്ഞു. ലീഗില്‍ ഇതുവരെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആസ്റ്റണ്‍ വില്ലക്ക് ഒമ്പത് ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 29 പോയിന്‍റാണുള്ളത്.

ആസ്റ്റണ്‍ വില്ല(ഫയല്‍ ചിത്രം).

ആസ്റ്റണ്‍ വില്ലക്കൊപ്പം സീസണില്‍ കുതിപ്പ് നടത്തിയ മറ്റൊരു ടീമാണ് വെസ്റ്റ് ഹാം. കഴിഞ്ഞ സീസണില്‍ 16-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത വെസ്റ്റ് ഹാം ഈ സീസണില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 35 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. 10 ജയവും അഞ്ച് സമനിലയുമുള്ള വെസ്റ്റ്ഹാം തുടര്‍ന്നുള്ള മത്സരങ്ങളിലും സമാന ഫോം നിലനിര്‍ത്തുകയാണെങ്കില്‍ ആദ്യ നാലില്‍ ഇടം നേടാനുള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഓരോ മത്സരവും നിര്‍ണായകമാകുമെന്നാണ് ഇതേവരെ ലഭിക്കുന്ന ഫലങ്ങള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിന് യോഗ്യത നേടാനും പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനങ്ങൾ നിർണായകമാണ്. പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തിന്‍റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഓരോ മത്സരവും ഭാവി നിര്‍ണയിക്കുന്നതായി മാറും. കൊവിഡിനെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങള്‍ ഒരു ഭാഗത്ത് തുടരുമ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആവേശത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. കാണികളുടെ അഭാവത്തിലും ലോകം മുഴുവനുമുള്ള ആരാധകര്‍ ടെലിവിഷനിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലുമായി കളി ആസ്വദിക്കുകയാണ്.

ABOUT THE AUTHOR

...view details