മാഞ്ചസ്റ്റര്‍: സീസണില്‍ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വിടാതെ പിന്തുടര്‍ന്ന് പരാജയം. ആഴ്‌സണലിനെ എതിരെ ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ഗണ്ണേഴ്‌സിന്‍റെ വിങ്ങര്‍ ബല്ലേഴ്‌സിനെ സൂപ്പര്‍ താരം പോള്‍ പോഗ്‌ബെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ ഔബമെയങ്ങാണ് ഗോള്‍ സ്വന്തമാക്കിയത്. 69ാം മിനിട്ടിലാണ് ഔബമെയങ്ങ് യുണൈറ്റഡിന്‍റെ വല കുലുക്കിയത്.
ഓള്‍ഡ്‌ട്രാഫോഡില്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ഗണ്ണേഴ്‌സ്; ന്യൂകാസലിനും ജയം - united lose news
2006ന് ശേഷം ആദ്യമായാണ് ഓള്‍ഡ് ട്രാഫോഡില്‍ ഒരു മത്സരം ആഴ്‌സണല്‍ വിജയിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയറിന്‍റെ 100മത്തെ മത്സരമാണ് ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടന്നത്
ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ പകുതിയില്‍ മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും ഗോളടിക്കാനുള്ള ശ്രമങ്ങള്‍ യുണൈറ്റഡിന്‍റെ പ്രതിരോധത്തില്‍ തട്ടിനിന്നു. യുണൈറ്റഡിനായി ഗ്രീന്‍വുഡ്, റാഷ്‌ഫോര്‍ഡ് എന്നിവരുടെ ഗോളടിക്കാനുള്ള ശ്രമങ്ങളും വിഫലമായി. യുണൈറ്റഡിന്‍റെ പരിശീലകന്‍ എന്ന നിലയില്‍ ഒലെ സോള്‍ഷെയറിന്‍റെ നൂറാമത്തെ മത്സരം കൂടിയായിരുന്നു ഇത്. സോള്‍ഷെയര്‍ക്ക് കീഴില്‍ 55 മത്സരങ്ങള്‍ യുണൈറ്റഡ് ജയിച്ചപ്പോള്‍ 21 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. 24 എണ്ണത്തില്‍ പരാജയപ്പെട്ടു.
ലീഗിലെ മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ് എതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം ന്യൂകാസല്‍ യുണൈറ്റഡ് സ്വന്തമാക്കി. കാളം വില്‍സണിന്‍റെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് ന്യൂകാസലിന്‍റെ ജയം. രണ്ടാം പകുതിയിലെ 84ാം മിനിട്ടിലും 56ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയുമാണ് വില്‍സണ്‍ വല ചലിപ്പിച്ചത്. അധികസമയത്ത് ഡോമനിക്ക് ലെവിന്‍ എവര്‍ട്ടണിന്‍റെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.