ഗ്ലാസ്‌കോ:സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോ ഹാംപ്‌ഡെൻ പാർക്കില്‍ യൂറോ കപ്പ് ഫുട്‌ബോൾ മത്സരം പുരോഗമിക്കുന്നു. ആതിഥേയരായ സ്കോട്‌ലൻഡിനെ നേരിടുന്നത് ചെക്ക് റിപ്പബ്ലിക്. ഫുട്‌ബോളിനെ പഴയ പ്രതാപവും പ്രതാപശാലികളായ താരങ്ങളും ചെക്ക് റിപ്പബ്ലിക് നിരയിലില്ല. സ്‌കോട്‌ലൻഡ് 23 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രധാന ടൂർണമെന്‍റിന്‍റെ ഫൈനല്‍ റൗണ്ട് കളിക്കുന്നത്.
കളി പുരോഗമിക്കുന്നു. ചെക്ക് റിപ്പബ്ലിക് ഒരു ഗോളിന് മുന്നില്‍. കളിയുടെ ആദ്യ പകുതിക്ക് ശേഷം സ്‌കോട്‌ലൻഡ് ഗോൾ നേടി ഒപ്പമെത്താൻ ശ്രമിക്കുന്നു. ചെക്ക്റിപ്പബ്ലികിന്‍റെ പകുതിയില്‍ സ്കോടിഷ് താരത്തിന്‍റെ ഗോൾ ശ്രമം. പക്ഷേ ചെക്ക് പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി പന്ത് സ്‌കോട്ടിഷ് പകുതിയിലേക്ക്.. ഗോളിലേക്കുള്ള ദൂരം അൻപത് വാരയിലധികം.
പന്തിന്‍റെ നിയന്ത്രണത്തിനായി സ്കോട്ടിഷ് താരങ്ങൾ ഓടിയെത്തുന്നതിനിടെ മുന്നോട്ട് ഓടിക്കയറിയ ചെക്ക് താരം പാട്രിക് ഷിക്ക് മൈതാന മധ്യത്ത് നിന്ന് സ്‌കോട്ട്ലൻഡ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഉയർത്തിയടിക്കുന്നു. സ്കോട്ടിഷ് ഗോളി ഡേവിഡ് മാർഷല്‍ പിന്നിലേക്ക് തിരിഞ്ഞ് ഗോൾ തടയാൻ ശ്രമിക്കുന്നതിനിടെ ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ആ ഗോൾ പിറന്നു.
42-ാം മിനിട്ടില്‍ സ്കോട്ട്ലൻഡിന് എതിരെ തകർപ്പൻ ഹെഡറിലൂടെ ആദ്യ ഗോൾ നേടിയ പാട്രിക് ഷിക്ക് രണ്ടാമതും ഗോൾ നേടുമ്പോൾ ഫുട്‌ബോൾ ലോകം അമ്പരന്നു നില്‍ക്കുകയായിരുന്നു. അൻപത് വാര അകലെ നിന്നുള്ള ആ ഗോളിന് പിന്നാലെയാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ ചർച്ചകൾ. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ ലെവര്‍ക്കൂസന്‍റെ താരമാണ് പാട്രിക് ഷിക്ക്.
ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചർച്ചയും തരംഗവുമായി ഷിക്കിന്‍റെ ഗോൾ. മത്സരം അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് സ്കോട്ട്‌ലൻഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ഡിയില്‍ ചെക്ക് റിപ്പബ്ലിക്ക് ആദ്യ ജയം നേടി.