എഡിന്‍ബര്‍ഗ്: പരിശീലകനെന്ന നിലയില്‍ പ്രഥമ ലീഗ് കിരീടം സ്വന്തമാക്കി മുന്‍ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ്. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ റേഞ്ചേഴ്‌സ് എഫ്‌സി കിരീടം സ്വന്തമാക്കിയതോടെയാണ് ജെറാര്‍ഡിന്‍റെ നേട്ടം. ലീഗില്‍ ഇന്ന് നടന്ന സെല്‍റ്റിക്ക്, ഡന്‍ഡി യുണൈറ്റഡ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് റേഞ്ചേഴ്‌സ് കിരീടം ഉറപ്പിച്ചത്.
10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റെഞ്ചേഴ്‌സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. സീസണില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ജെറാര്‍ഡിന്‍റെ ശിഷ്യന്‍മാര്‍ കപ്പടിച്ചത്.
കൂടുതല്‍ വായനക്ക്: ചെമ്പടയുടെ ചങ്കുറപ്പ് സ്റ്റീവന്‍ ജെറാർഡിന് ഇന്ന് 40-ാം പിറന്നാൾ
17 വര്‍ഷം ലിവർപൂളിന്‍റെ ഭാഗവും ഇംഗ്ലീഷ് ഫുട്ബോളിന്‍റെ മാന്യതയുടെ പ്രതീകവുമായിരുന്നു സ്റ്റീവന്‍ ജെറാര്‍ഡ്. ഇംഗ്ലീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മധ്യനിരക്കാരില്‍ ഒരാൾ കൂടിയായ ജെറാര്‍ഡ് 12 വര്‍ഷത്തോളം ലിവര്‍പൂളിനെ നയിച്ചു. ദേശീയ ടീമില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചവരുടെ പട്ടികയില്‍ നാലാമതുള്ള ജെറാര്‍ഡ് 114 മത്സരങ്ങളില്‍നിന്ന് 21 ഗോളുകളും സ്വന്തമാക്കി. ദേശീയ ഫുട്‌ബോളില്‍ പീറ്റര്‍ ഷില്‍റ്റണ്‍, വെയിന്‍ റൂണി, ഡേവിഡ് ബെക്കാം എന്നിവര്‍ മാത്രമാണ് ജെറാര്‍ഡിനെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടിനായി കളിച്ചത്.