പാരീസ്: ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ച് ഫ്രാൻസും ബെൽജിയവും. യൂറോപ്യന്‍ യോഗ്യത റൗണ്ടില്‍ കസാഖിസ്ഥാനെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്താണ് ഫ്രാൻസ് യോഗ്യത നേടിയത്. എസ്റ്റോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ബെൽജിയത്തിന്‍റെ ലോകകപ്പ് പ്രവേശനം.
ഏഴ് മത്സരങ്ങില്‍ നാല് വിജയവുമായി 15 പോയിന്‍റോടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തിയാണ് ഫ്രാന്‍സ് ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. കസാഖിസ്ഥാനെതിരെ ഏകപക്ഷീയമായ മത്സരത്തില്‍ കിലിയന്‍ എംബാപ്പെ (6, 12, 32, 87) നാല് ഗോളുകളടച്ചപ്പോള്‍ കരീം ബെന്‍സിമ (55, 59), റാബിയോട്ട് (75), ഗ്രീസ്മാന്‍ (84) എന്നിവരും ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് ഇയില്‍ 19 പോയിന്‍റുമായി തലപ്പത്തെത്തിയാണ് ബെല്‍ജിയവും യോഗ്യത ഉറപ്പിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയമാണ് സംഘത്തിനുള്ളത്. എസ്റ്റോണിയക്കെതിരായ മത്സരത്തില്‍ ക്രിസ്‌റ്റ്യന്‍ ബെന്‍റെക്കെ (11), യാനിക് കരാസ്‌ക്കോ (53), തിയാഗോ ഹസാര്‍ഡ് (74) എന്നിവരാണ് ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടത്.