മാഡ്രിഡ്: കൊവിഡിന് ശേഷം ഫുട്‌ബോൾ മൈതാനങ്ങൾ ഉണർന്നു. ആളും ആരവവും ഇല്ലാതെ ഒരു സീസൺ അവസാനിച്ചു. ക്ലബ് ഫുട്‌ബോളില്‍ പുതിയ സീസൺ ആരംഭിക്കുകയാണ്. പ്രായം തളർത്തിയ താരങ്ങളെ ഒഴിവാക്കിയും മികച്ചവരെ കണ്ടെത്താൻ പണമെറിഞ്ഞും യൂറോപ്പിലെ പ്രമുഖ ടീമുകൾ ശ്രമം തുടരുകയാണ്. ചാമ്പ്യൻസ് ലീഗിലെ വമ്പൻ തോല്‍വിക്ക് ശേഷം പരിശീലകനെ അടക്കം പറഞ്ഞുവിട്ട ബാഴ്‌സലോണയാണ് അടിമുടി അഴിച്ചു പണി നടത്തുന്ന പ്രമുഖ ടീം. ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസ്, പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ ടീമുകൾ തുടങ്ങി പ്രമുഖരെല്ലാം അഴിച്ചുപണി തുടങ്ങിക്കഴിഞ്ഞു. താരങ്ങളുടെ കൈമാറ്റ വിപണിയില്‍ ആദ്യം കൈവെച്ചത് പ്രീമിയർ ലീഗ് വമ്പൻമാരായ ചെല്‍സിയാണ്. റെഡ്‌ബുൾ ലെയ്‌പിഗില്‍ നിന്ന് ജർമൻ താരം മുന്നേറ്റതാരം തിമോ വെർണറെ ടീമിലെത്തിച്ചാണ് ചെല്‍സി ഒരു പടി കടന്നു ചിന്തിച്ചത്.
പുതിയ പരിശീലകനായി ആന്ദ്രേ പിർലോ എത്തിയതോടെ യുവന്‍റസും പുതിയ മുഖങ്ങൾ തേടുകയാണ്. അതിന്‍റെ ഭാഗമായി ബ്രസീലിയൻ വിങർ ഡഗ്ലസ് കോസ്റ്റയെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുവന്‍റസ് വിട്ടാല്‍ 29 കാരനായ കോസ്റ്റയെ ടീമിലെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്‍പര്യമുണ്ട്. പക്ഷേ 20കാരനായ ബൊറുസിയ ഡോർട്‌മുണ്ട് താരം ജാഡൻ സാഞ്ചോയിലാണ് ഇംഗ്ലീഷ് ക്ലബിന് കൂടുതല്‍ താല്‍പര്യം. പക്ഷേ സാഞ്ചോയെ വിട്ടുനല്‍കാൻ ഡോർട്‌മുണ്ട് താല്‍പര്യം കാണിക്കുന്നില്ല.
ബാഴ്‌സലോണയുടെ താരമായ ബ്രസീലിയൻ പ്ലേമേക്കർ ഫിലിപ്പെ കുടിന്യോ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. ബാഴ്‌സയില്‍ നിന്ന് ജർമൻ ക്ലബായ ബയേണിലേക്ക് ലോൺ അടിസ്ഥാനത്തില്‍ പോയ കുടിന്യോ തിരികെ ബാഴ്‌സയിലേക്ക് തന്നെ വരിയാണ്. ബയേണില്‍ കുടിന്യോയ്ക്ക് അവസരം കുറവാണ്. പുതിയ ബാഴ്‌സ പരിശീലകൻ റൊണാൾഡ് കോമാൻ കുടിന്യോയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഈ അവസ്ഥയില്‍ പ്രീമിയർ ലീഗ് ക്ലബുകളായ ചെല്‍സി, ടോട്ടൻഹാം, ആഴ്‌സണല്‍ എന്നി ടീമിുകളില്‍ ഒന്നിലേക്ക് പോകാനാണ് പഴയ ലിവർപൂൾ താരമായ ഫിലിപ്പോ കുടിന്യോ ആഗ്രഹിക്കുന്നത്.
കൊളംബിയൻ ഫുട്‌ബോൾ താരം ജെയിംസ് റോഡ്രിഗസിന്‍റെ അവസ്ഥയും സമാനമാണ്. ഏറെ പ്രതീക്ഷയോടെ സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡില്‍ എത്തിയ റോഡ്രിഗസിന് പക്ഷേ സിദാന്‍റെ ടീമില്‍ അവസരങ്ങൾ കുറവാണ്. മുപ്പതുകാരനായ ജെയിംസിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെല്‍സി, ആഴ്‌സണല്‍, ടോട്ടൻഹാം, എവർട്ടൺ, ന്യൂകാസില്‍ അടക്കമുള്ള ടീമുകൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് പോകാൻ താല്‍പര്യമുണ്ടെന്ന് റോഡ്രിഗസും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോക നിലവാരത്തിലാണ് ജർമൻ ക്ലബായ ബയേൺ മ്യൂണിച്ച് കളിക്കുന്നത്. ബയേണിന്‍റെ മധ്യനിരയില്‍ നിറഞ്ഞ് കളിക്കുന്ന തിയാഗോ അലക്‌സാന്ദ്രയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളാണ്. സ്‌പാനിഷ് താരത്തിന് ലിവർപൂളിലേക്ക് പോകണമെന്ന് ആഗ്രഹവുമുണ്ട്. 27മില്യണാണ് തിയോഗോയ്ക്ക് ബയേൺ വിലയിട്ടത്. എന്നാല്‍ അത് കൂടുതലാണെന്നാണ് ലിവർപൂൾ പറയുന്നത്.