ബുക്കാറസ്റ്റ്: യൂറോ കപ്പ് പ്രീക്വര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ തോല്‍വി ഉറക്കം കെടുത്തുന്നതാണെന്ന് ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെ. മത്സരത്തിന് പിന്നാലെ ട്വിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'ഈ അധ്യായം മറക്കാന്‍ പ്രയാസമാണ്. ടൂര്‍ണമെന്‍റിലെ പുറത്താകല്‍ വലിയ സങ്കടമാണ് നല്‍കുന്നത്. ഞങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ്. എനിക്ക് ടീമിനെ സഹായിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പരാജിതനായി. ഇനി ഉറക്കം കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിർഭാഗ്യവശാൽ ഞാന്‍ സ്നേഹിക്കുന്ന ഗെയിമിലെ അപകടങ്ങളാണിത്'.
'ആരാധകര്‍ നിരാശരാണെന്ന് എനിക്കറിയാം. പക്ഷേ നിങ്ങളുടെ പിന്തുണയ്ക്കും എല്ലായ്‌പ്പോഴും ഞങ്ങളിൽ വിശ്വസിക്കുന്നതിനും ഞാൻ നന്ദി പറയുന്നു. വരാനിരിക്കുന്ന നാളുകള്‍ക്കായി വീഴ്ചയില്‍ നിന്നും കൂടുതല്‍ ശക്തരായി എഴുന്നേല്‍ക്കുക എന്നതാണ് ഏറ്റവും പ്രാധാനപ്പെട്ട കാര്യം. സ്വിറ്റ്സർലൻഡിന് എല്ലാ വിധത്തിലുള്ള അഭിനന്ദനങ്ങളും ആശംസകളും'. പ്രസ്താവനയില്‍ താരം കുറിച്ചു.
also read: ബുക്കാറസ്റ്റില്‍ സ്വിസ് വിജയഗാഥ; ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ തകര്‍ത്ത് ക്വാര്‍ട്ടറില്‍
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ എംബാപ്പെയുടെ ഷോട്ട് സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ തടഞ്ഞിട്ടിരുന്നു. ഇതോടെ 4-5ന് ലോക കപ്പ് ചാമ്പ്യന്മാര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താവുകയും ചെയ്തു. നിശ്ചിത സമയവും അധിക സമയും കഴിഞ്ഞപ്പോള്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം യൂറോയിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.