കേരളം

kerala

ETV Bharat / sports

യൂറോപ്പിലെ കരുത്തന്‍മാരുടെ തട്ടകങ്ങളില്‍ ഇനി പോരാട്ടം ഇരമ്പും - champions league news

ചാമ്പ്യന്‍സ് ലീഗില്‍ ശേഷിക്കുന്ന നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ കൂടി പൂര്‍ണമാകുന്നതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിയും. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ചെല്‍സിയും ഏറ്റുമുട്ടുമ്പോള്‍ ബാഴ്‌സലോണ സ്വന്തം തട്ടകത്തില്‍ നാപ്പോളിയെ നേരിടും

ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത  ബാഴ്‌സലോണ വാര്‍ത്ത  champions league news  barcelona news
ചാമ്പ്യന്‍സ് ലീഗ്

By

Published : Aug 8, 2020, 9:02 PM IST

ബാഴ്‌സലോണ: യൂറോപ്പിലെ വമ്പന്‍മാരുടെ തട്ടകങ്ങള്‍ ഇന്ന് ചാമ്പ്യന്‍സ് ലീഗിലെ കരുത്തുറ്റ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകും. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഹോം ഗ്രൗണ്ടില്‍ ഇംഗ്ലീഷ് ക്ലബായ ചെല്‍സിയെ നേരിടുമ്പോള്‍. ബാഴ്‌സലോണ നൗക്യാമ്പില്‍ നാപ്പോളിയെ നേരിടും. നേരത്തെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച ബയേണിന് സ്വന്തം തട്ടകത്തില്‍ വ്യക്തമായ ആധിപത്യമുണ്ട്. സീസണില്‍ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി ഹാട്രിക്ക് തികക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബയേണ്‍ ഇറങ്ങുന്നത്.

ഹാന്‍സ് ഫ്ലിക്കിന്‍റെ തന്ത്രങ്ങള്‍ സീസണില്‍ ഇതേവരെ പിഴച്ചിട്ടില്ല. രണ്ട് ഗോളുകളുടെ പരാജയം പോലും ബയേണിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കും. മുന്നേറ്റ താരങ്ങളായ തോമസ് മുള്ളറും റോബര്‍ട്ട് ലെവന്‍ഡോവിസ്‌കിയും ചേര്‍ന്ന് ചെല്‍സിക്ക് മേല്‍ ബയേണിന് വ്യക്തമായ ആധിപത്യം നല്‍കുന്നുണ്ട്.

അതേസമയം എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ ആഴ്‌സണിലിനോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണം തീര്‍ക്കാനാകും ഫ്രാങ്ക് ലമ്പാര്‍ഡിന് കീഴിലുള്ള നീലപ്പടയുടെ നീക്കം. ലിസ്‌ബണിലേക്ക് ടിക്കറ്റുറപ്പിക്കാന്‍ ചെല്‍സിക്ക് എവേ മത്സരത്തില്‍ ബയേണിന്‍റെ വല നിറച്ചെ മതിയാകൂ. അതിനായി ചെല്‍സിയുടെ കൂടാരത്തിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും. ഒലിവര്‍ ജിറോഡും ടാമി എബ്രഹാമും ചേര്‍ന്ന മുന്നേറ്റ നിരയും ബ്രസിലീയന്‍ മധ്യനിര താര വില്ലിയനും കളത്തില്‍ ലമ്പാര്‍ഡിന്‍റെ തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാലെ നീലപ്പടക്ക് പ്രതീക്ഷകളെങ്കിലും ബാക്കിയാകൂ.

മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ നൗക്യാമ്പില്‍ ജയം ഉറപ്പാക്കുന്ന ടീമിന് പോര്‍ച്ചുഗലില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനാകും. ബാഴ്സലോണയും നാപ്പോളിയും തമ്മിലാണ് മത്സരം. സൂപ്പര്‍ താരം ലയേണല്‍ മെസിയിലാണ് ബാഴ്‌സയുടെ പ്രതീക്ഷ. 2012ല്‍ ചാമ്പ്യന്‍സ് ലീഗില്‍ ലവര്‍ക്കൂസന് എതിരായ മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയ പ്രകടനം മെസിക്ക് ആവര്‍ത്തിക്കാനായാല്‍ ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശനം അനായാസമായി മാറും.

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഹോം ഗ്രൗണ്ടില്‍ നടന്ന 35 മത്സരങ്ങളില്‍ ബാഴ്‌സ പരാജയം രുചിച്ചിട്ടില്ല. കൂടാതെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ ആന്‍സു ഫാറ്റിയും ബാഴ്‌സക്കായി അണിനിരക്കും. ഇതിനകം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ബാഴ്‌സ നേട്ടം ആറാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇറ്റാലിയന്‍ കപ്പിന്‍റെ ഫൈനലില്‍ യുവന്‍റസിനെ പരാജയപ്പെടുത്തി കറുത്ത കുതരകളായി മാറിയ നാപ്പോളിയെ എഴുതി തള്ളാന്‍ സാധിക്കില്ല.

ABOUT THE AUTHOR

...view details