ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍. രാത്രി 7.30ന് ഫത്തോര്‍ഡാ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സി- എടികെ മോഹന്‍ബഗാനെ നേരിടും. ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എടികെയും മൂന്നാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മില്‍ പോരടിക്കുമ്പോള്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.
പോരാട്ടം കനക്കും; ഐഎസ്‌എല്ലില്‍ ബംഗളൂരുവും എടികെയും നേര്‍ക്കുനേര്‍
ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറ് മത്സരം വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജയിച്ചാല്‍ എടികെ മോഹന്‍ബഗാന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം.
ഇരു ടീമുകളും സൂപ്പര്‍ ലീഗില്‍ ആറ് മത്സരം വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോഹന്‍ബഗാന്‍ നാല് മത്സരം ജയിച്ചപ്പോള്‍ ബംഗളൂരുവിന്‍റെ അക്കൗണ്ടില്‍ മൂന്ന് ജയങ്ങളാണുള്ളത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എടികെയുടെ ജയം. അതേസമയം ഒഡീഷക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കിയാണ് ബംഗളൂരു ഫത്തോര്‍ഡയിലേക്ക് എത്തുന്നത്. സുനില്‍ ഛേത്രിയും ക്ലെയിറ്റണ്‍ സില്‍വയുമാണ് ബംഗളൂരുവിനായി വല കുലുക്കിയത്.
കരുത്തരായ എതിരാളികളാണ് ഇന്നത്തെ മത്സരത്തിലെന്ന് എടികെയുടെ പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് വ്യക്തമാക്കി കഴിഞ്ഞു. മറുഭാഗത്ത് പേശി ബലത്തിന്‍റെ മത്സരമായി ഫത്തോര്‍ഡയിലെ പോരാട്ടം മാറുമെന്ന പ്രതികരണമാണ് ബംഗളൂരുവിന്‍റെ പരിശീലകന്‍ കാര്‍ലസ് കുദ്രത്ത് പങ്കുവെച്ചത്.