സോവോ പോളോ :ദക്ഷിണ അമേരിക്കൻ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയും ബ്രസീലും ഇന്ന് ഏറ്റുമുട്ടും. കോപ്പ അമേരിക്ക ഫൈനലിനുശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരമായതിനാൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.
സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ ഇന്ത്യൻ സമയം ഇന്നുരാത്രി 12.30നാണ് മത്സരത്തിന്‍റെ കിക്കോഫ്. കഴിഞ്ഞ മത്സരത്തിൽ കരിയർ പോലും നശിക്കാവുന്ന ഫൗളിന് വിധേയനായ മെസി ഇന്ന് കളിക്കളത്തിലുണ്ടാവുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
അതേസമയം തങ്ങളുടെ മികച്ച 9 താരങ്ങൾ ടീമിനൊപ്പം ഇല്ലാത്തതാണ് ബ്രസീലിന് തലവേദന. ഗോൾകീപ്പർ അലിസൻ ബെക്കർ, ഡിഫൻഡർ തിയാഗോ സിൽവ, സ്ട്രൈക്കർമാരായ റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജിസ്യൂസ്, റിച്ചാർലിസൻ എന്നിവരുൾപ്പെടെ ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന താരങ്ങളാണ് ടീമിലില്ലാത്തത്.
ALSO READ:റെക്കോഡുകളുടെ പെരുമഴ ; ഇംഗ്ലണ്ടിൽ ഹിറ്റായി ഹിറ്റ്‌മാൻ
തെക്കേ അമേരിക്കയിൽ പോയി തിരിച്ചുവന്നാൽ 10 ദിവസം ക്വാറന്‍റൈൻ നിർബന്ധമാണ് എന്നതിനാലാണ് ഇംഗ്ലീഷ് ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകാത്തത്. ഇവരുടെ അസാന്നിധ്യത്തിൽ ചിലിക്കെതിരെ കഴിഞ്ഞ മത്സരം 1- 0നാണ് ബ്രസീൽ ജയിച്ചത്.