സൂറിച്ച്:ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ 105ാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. ലോകകപ്പ് യോഗ്യതയിലെ അവസാന രണ്ട് മത്സരങ്ങളിലെ പോയിന്‍റാണ് ടീമിന് നേട്ടമായത്. ജൂണില്‍ ഖത്തറില്‍ നടന്ന മത്സരങ്ങളില്‍ വിജയം നേടിയെങ്കിലും ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ അഫ്‌ഗാനിസ്ഥാനെതിരായ അവസാന മത്സരത്തില്‍ ഒരു ഗോളിന്‍റെ സമനില പിടിച്ച് 2023ലെ ഏഷ്യന്‍ കപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 1180 പോയിന്‍റോടെയാണ് ടീം റാങ്കിങ് പട്ടികയില്‍ നിലവിലെ സ്ഥാനം നിലനിര്‍ത്തിയത്.
1996 ഫെബ്രുവരിയിലെ 94ാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച റാങ്കിങ്. 2015 മാര്‍ച്ചില്‍ 173ാം സ്ഥാനത്തെത്തിയതാണ് ടീമിന്‍റെ ഏറ്റവും മോശം റാങ്കിങ്. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബ്രസീൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി.