സൂറിച്ച്: ചൈനയില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് നീട്ടിവെക്കണമെന്ന നിർദേശവുമായി ഫിഫ പ്രസിഡന്‍റ് ഗിയാനി ഇന്‍ഫാന്‍റിനോ. യൂറോ കപ്പ് മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് ലോകകപ്പ് മാറ്റിവെക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. യൂറോ കപ്പും കോപ്പ അമേരിക്കയും കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ അടുത്ത വർഷം നടത്തേക്ക് മാറ്റിവെച്ചിരുന്നു. ഇരു ടൂർണമെന്‍റുകളിലും കളിക്കുന്ന താരങ്ങൾ ക്ലബ് ലോകകപ്പിലും കളിക്കുന്ന സാഹചര്യത്തിലാണ് ലോകകപ്പ് മാറ്റിവെക്കുകയെന്ന നിർദേശം ഫിഫ മുന്നോട്ട് വെച്ചത്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് ചൈനയില്‍ നടത്തുന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. 24 ടീമുകളാണ് ക്ലബ് ലോകകപ്പിന്‍റെ ഭാഗമായി മാറ്റുരക്കുക.
ക്ലബ് ലോകകപ്പ് നീട്ടിവെക്കണമെന്ന നിർദേശവുമായി ഇന്‍ഫാന്‍റിനോ - Gianni Infantino news
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ 24 ടീമുകൾ മാറ്റുരക്കുന്ന ക്ലബ് ലോകകപ്പ് ചൈനയില്‍ നടത്തുന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്
നേരത്തെ ഈ വർഷം നടക്കാനിരുന്ന യൂറോ കപ്പ് മത്സങ്ങൾ അടുത്ത വർഷത്തേക്ക് മാറ്റിവെക്കാന്‍ യൂറോപ്യന്‍ ഫുട്ബോൾ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. യൂറോ കപ്പ് ഈ വർഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് അടുത്ത വർഷം ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായി നടത്താന്‍ തീരുമാനിച്ചു. അതേസമയം കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ കോപ്പ അമേരിക്കയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഈ വർഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ അര്‍ജന്റീനയിലും കൊളംബിയയിലുമായി ടൂർണമെന്‍റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഇതിനകം പ്രമുഖ ഫുട്‌ബോൾ ലീഗുകളായ ലാലിഗ, ഇംഗ്ലീഷ് പ്രീമിർ ലീഗ്, സീരി എ, ബുണ്ടസ് ലീഗ് എന്നിവ വൈറസ് ബാധയെ തുടർന്ന് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊവിഡ് 19 യുറോപ്പിനെ ഗുരുതരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടനയും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.