ഫിഫയുടെ പുതിയ രാജ്യാന്തര റാങ്കിങ് പുറത്തുവിട്ടു. ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയവും രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസും അതേ റാങ്കില്‍ തുടരുമ്പോൾ പോർച്ചുഗല്‍, നെതർലൻഡ്‌സ് എന്നിവർ സ്ഥാനം മെച്ചപ്പെടുത്തി. 1219 പോയിന്‍റുള്ള ഇന്ത്യ 101-ാം സ്ഥാനത്ത് തുടരുകയാണ്.
പുതിയ റാങ്കിങ് പുറത്തുവിട്ട് ഫിഫ; ആദ്യ അഞ്ചില്‍ ഇടംനേടി പോർച്ചുഗല്‍ - പോർച്ചുഗല്‍
നേഷൻസ് ലീഗ് കിരീടനേട്ടമാണ് പോർച്ചുഗലിന്‍റെ കുതിപ്പിന് കാരണം. ഇന്ത്യ 101-ാം സ്ഥാനത്ത്.
![പുതിയ റാങ്കിങ് പുറത്തുവിട്ട് ഫിഫ; ആദ്യ അഞ്ചില്‍ ഇടംനേടി പോർച്ചുഗല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3560076-69-3560076-1560514103560.jpg)
ഏഴാം സ്ഥാനത്തായിരുന്ന പോർച്ചുഗല്‍ നേഷൻസ് ലീഗ് കിരീടനേട്ടത്തോടെ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. നേഷൻസ് ലീഗ് ഫൈനലില്‍ പ്രവേശിച്ച നെതർലൻഡ്‌സ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേക്ക് ഉയർന്നു. ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലാണ് (1681) മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും ആറാം സ്ഥാനത്ത് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമാണ്. പട്ടികയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഹംഗറിയും ഓസ്ട്രിയയുമാണ്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഓസ്ട്രിയ 26-ാം സ്ഥാനത്ത് എത്തിയപ്പോൾ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഹംഗറി 42-ാം സ്ഥാനത്തെത്തി.
രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സ്പെയ്ൻ ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യൻമാരായ ഉറുഗ്വെ രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി എട്ടാം സ്ഥാനത്തായി. ജർമ്മനിയും അർജന്‍റീനയും പതിനൊന്നാം സ്ഥാനത്താണ്. അടുത്ത മാസം ആരംഭിക്കുന്ന ഇന്‍റർ കോണ്ടിനെന്‍റല്‍ കപ്പില്‍ നേട്ടമുണ്ടാക്കിയാല്‍ ഇന്ത്യക്ക് ആദ്യ നൂറില്‍ ഇടംനേടാനാകും. ജൂലൈ ഏഴിന് ആരംഭിക്കുന്ന ടൂർണമെന്‍റില്‍ സിറിയ, താജികിസ്ഥാൻ, നോർത്ത് കൊറിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.