ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ രണ്ടാം സെമിഫൈനലിന്‍റെ ആദ്യപാദ മത്സരത്തില്‍ മുംബൈ സിറ്റിയെ തകർത്ത് എഫ്.സി ഗോവ. തികച്ചും ഏകപക്ഷീയമായകളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോവ ജയിച്ചത്. ജയത്തോടെ രണ്ടാം പാദ മത്സരത്തിന് മുമ്പ് തന്നെ ഗോവ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു.
മുംബൈ ഫുട്ബോൾ അരീനയില്‍ നടന്ന മത്സരത്തിന്‍റെ 20 ആം മിനിറ്റില്‍ റാഫേല്‍ ബാസ്റ്റോസിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ പതിനൊന്ന് മിനിറ്റിനകം ജാക്കിചന്ദ് സിംഗ് ഗോവയെ ഒപ്പമെത്തിച്ചു. 39 ആം മിനിറ്റില്‍ നേടിയ ഗോളിലൂടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മൊർറ്റാഡ ഫോൾ ഗോവക്ക് ലീഡ് നേടികൊടുത്തു.
രണ്ടാം പകുതിയില്‍ പ്രതിരോധിക്കുന്നതിന് പകരം കൂടുതല്‍ ആക്രമിച്ച്കളിക്കുന്ന ഗോവയെയാണ് മുംബൈയില്‍ കണ്ടത്. 51 ആം മിനിറ്റില്‍ മുംബൈയുടെ തിരിച്ചുവരവ് ദുഷ്കരമാക്കി കോറോമിനാസ് ഗോവയുടെ മൂന്നാം ഗോൾ നേടി. ജാക്കിയുടെ ക്രോസ് കോറോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സീസണിലെ പതിനാറാം ഗോളാണ് കോറോ ഇന്നലെ നേടിയത്. തൊട്ടുപിന്നാലെ മൊർറ്റാഡ ഫോൾ തന്‍റെ രണ്ടാം ഗോൾ നേടി സ്കോർ 4-1 ആക്കി. ഗോവയുടെ ഗോൾമഴ എന്നിട്ടും അവസാനിച്ചില്ല. 82 ആം മിനിറ്റില്‍ മുംബൈയുടെ പതനം പൂർത്തിയാക്കി കൊണ്ട് ബ്രാൻഡൻ ഫെർണാണ്ടസ് ഗോവയുടെ ഗോൾപട്ടിക പൂർത്തിയാക്കി.
ഇന്നലത്തെ ജയത്തോടെ ഐഎസ്എല്ലില്‍ എഫ്സി ഗോവ പുതിയ ചരിത്രമെഴുതി. ലീഗില്‍ 150 ഗോളുകൾ നേടുന്ന ആദ്യ ക്ലബ് എന്ന നേട്ടം ഗോവ സ്വന്തമാക്കി. ആദ്യ പകുതിയില്‍ ജാക്കിചന്ദ് സിംഗ് നേടിയ ഗോളോടെയാണ് ഗോവ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതുവരെ 86 മത്സരങ്ങളില്‍ നിന്ന് 154 ഗോളുകളാണ് ഗോവ എതിർ ടീമുകളുടെ വലയില്‍ നിറച്ചത്. 34 ഗോളുകൾ നേടിയ കോറോമിനാസാണ് ഗോവയുടെ ടോപ് സ്കോറർ.
മാർച്ച് 12ന് ഗോവയില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ അത്ഭുതങ്ങൾ സംഭവിച്ചാല്‍ മാത്രമേ മുംബൈക്ക് ഫൈനലിലെത്താനാകൂ. ആദ്യ സെമിയില്‍ ഒന്നാം പാദ മത്സരത്തില്‍ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തകർത്തിരുന്നു. മാർച്ച് 17 ന് മുംബൈ ഫുട്ബോൾ അരീനയിലാണ് ഐഎസ്എല്‍ അഞ്ചാം സീസണിന്‍റെ കലാശക്കൊട്ട്.