കേരളം

kerala

ETV Bharat / sports

ഇതിഹാസമേ വിട; മറഡോണ ഇനി ഓർമ - maradona life news

കാല്‍പന്ത് കൊണ്ട് ലോകത്തെ മുഴുവന്‍ ആനന്ദിപ്പിച്ച പ്രതിഭ ഡിയേഗോ അര്‍മാന്‍ഡോ മറഡോണ ഇനി കാലയവനികക്കുള്ളില്‍

maradona died newsmaradona life newsമറഡോണ ജീവിതം വാർത്ത  മറഡോണ മരിച്ചു വാർത്ത
മറഡോണ

By

Published : Nov 26, 2020, 8:18 AM IST

കാല്‍പന്തിന്‍റെ ലോകത്തെ അനിശ്ചിതത്വത്തെ മുഴുവന്‍ ജീവിതത്തിലേക്ക് ആവാഹിച്ച ഇതിഹാസമായിരുന്നു മറഡോണ. ഫുട്‌ബോളിനൊപ്പം ജീവിതവും ആ അഞ്ചടി അഞ്ചിഞ്ചുകാരന് ലഹരിയായിരുന്നു. ഡിയേഗോ അര്‍മാന്‍ഡോ മറഡോണ. 1960 ഒക്‌ടോബറില്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസിലെ ലാനസില്‍ ജനനം. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു മറഡോണയുടേത്. ചെറുപ്പത്തിലെ ഫുട്‌ബോളിനോടായിരുന്നു മറഡോണക്ക് താല്‍പര്യം. പ്രാദേശിക ഫുട്‌ബോള്‍ മേഖലയില്‍ അവന്‍ പേരെടുത്തു. 1976ല്‍ 16 വയസ് തികയാനിരിക്കെ മറഡോണ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. 2003 വരെ അര്‍ജന്‍റീനന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു.

പിന്നീട് 1977ല്‍ 16ാം വയസില്‍ ഹംഗറിക്കെതിരെ കളിച്ച് ദേശീയ ടീമില്‍ ഇടം നേടി. രണ്ട് വര്‍ഷത്തിന് ശേഷം സ്‌കോട്ട്ലന്‍ഡിന് എതിരെ ആദ്യ രാജ്യാന്തര ഗോളും മറഡോണ സ്വന്തമാക്കി. 1982ല്‍ അര്‍ജന്‍റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ് കളിച്ചു. പക്ഷേ അന്ന് ലോകകപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അര്‍ജന്‍റീന പുറത്തായി. മറഡോണ ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയിലായിരുന്ന കാലത്താണ് 1986ലെ രണ്ടാം ലോകകപ്പ് നടക്കുന്നത്. മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മറഡോണ ഒരു പരിധിവരെ അര്‍ജന്‍റീനയെ ഒറ്റക്ക് നയിച്ച് ലോകകിരീടം നേടിക്കോടുത്തു. ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ദൈവത്തിന്‍റെ കൈയും, നൂറ്റാണ്ടിലെ ഗോളും പിറന്നു. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കിരീടവുമായി മടങ്ങി. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കരം മറഡോണക്കായിരുന്നു.

1990ലെ ഇറ്റലി ലോകകപ്പിലും മറഡോണയായിരുന്നു അര്‍ജന്‍റീനയുടെ നായകനെങ്കിലും ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് തോറ്റതോടെ റണ്ണറപ്പായി മാറി. രാജ്യത്തിനായി നാല് ലോകകപ്പുകളില്‍ നിന്നും 21 മത്സരങ്ങളിലെ എട്ട് ഗോളുകളാണ് മറഡോണയുടെ പേരിലുള്ളത്. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ മറഡോണക്ക് പങ്കെടുക്കാനായുള്ളൂ. ഗ്രീസുമായുള്ള മത്സരത്തിന് ശേഷം നടത്തിയ പരിശോധനയില്‍ എഫെഡ്രിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി. മയക്കുമരുന്ന് ഉപയോഗം രൂക്ഷമായതോടെ അദ്ദേഹം 1997ല്‍ പിറന്നാള്‍ ദിനത്തില്‍ മറഡോണ തന്‍റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.

അര്‍ജന്‍റീനക്കായി 34 ഗോളകളാണ് മറഡോണയുടെ പേരിലുള്ളത്. കരിയറില്‍ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകളിലും മറഡോണ കുതിപ്പ് തുടര്‍ന്നിരുന്നു. 1981ല്‍ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്‌സ് ക്ലബ് സ്വന്തമാക്കി. പിന്നാലെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളര്‍ മുടക്കി സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് കൂടുമാറി. 1983ല്‍ ബാഴ്‌സക്കൊപ്പം കോപ്പ ഡെല്‍റേ കപ്പും സ്‌പാനിഷ് സൂപ്പര്‍ കപ്പും മറഡോണ സ്വന്തമാക്കി. ബാഴ്‌സക്ക് വേണ്ടി രണ്ട് വര്‍ഷത്തിനിടെ 38 ഗോളുകള്‍ ആ കാലുകളില്‍ നിന്നും പിറന്നു. 1984ല്‍ ബാഴ്‌സലോണ വിട്ട് ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയിലേക്ക് മറഡോണ ചേക്കേറി. റെക്കോഡ് തുകയായ 13.54 ദശലക്ഷം ഡോളറിനായിരുന്നു മറഡോണ നാപ്പോളിയിലെത്തിയത്. ബാഴ്‌സലോണയില്‍ ആയിരുന്ന കാലത്താണ് മയക്കുമരുന്നായ കൊക്കെയിന് അടിമയായതെന്ന് പിന്നീട് മറഡോണ പറഞ്ഞിരുന്നു. 1984 നവംബര്‍ ഏഴിന് മറഡോണ തന്‍റെ ജീവിത സഖിയായി ക്ലോഡിയ വില്ലഫെയ്‌നെ തെരഞ്ഞെടുത്തു. എന്നാല്‍ മയക്കുമരുന്നിന്‍റെ ഉപയോഗവും മറ്റും ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുണ്ടാക്കി. രണ്ട് കുട്ടികളുണ്ടായിരുന്ന ദമ്പതികള്‍ 2004ല്‍ വേര്‍പിരിഞ്ഞു.

1984 മുതല്‍ 1991 വരെ ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിക്ക് വേണ്ടി കളിച്ച മറഡോണ ക്ലബിനായി 188 മത്സരങ്ങളില്‍ നിന്നായി 81 ഗോളുകള്‍ സ്വന്തമാക്കി. മറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. 1986-87, 1989-90 സീസണുകളില്‍ ക്ലബ് സീരി എ കിരീടത്തിലും 1988-89 സീസണില്‍ നാപ്പോളിക്ക് വേണ്ടി യുവേഫ സൂപ്പര്‍ കപ്പിലും മറഡോണ നാപ്പോളിക്ക് വേണ്ടി മുത്തമിട്ടു. 1986-87 സീസണില്‍ ഇറ്റാലിയന്‍ കപ്പ്, 1990-91 സീസണില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും നാപ്പോളിക്ക് മറഡോണ നേടിക്കൊടുത്തു. മയക്കുമരുന്ന് വിവാദങ്ങള്‍ വീണ്ടുമുണ്ടായതോടെ 1992ല്‍ സ്‌പാനിഷ് ക്ലബ് സെവിയ്യയിലേക്ക് മറഡോണ കൂടുമാറി. തൊട്ടടുത്ത വര്‍ഷം അര്‍ജന്‍റീനന്‍ ക്ലബ് ഓള്‍ഡ് ബോയിസ്ന്‍റെ ഭാഗമായി മറഡോണ. ബൂട്ടഴിച്ച ശേഷം 2008ല്‍ അര്‍ജന്‍റീന ദേശീയ ടീമിന്‍റെ പരിശീലകനായും മറഡോണ പ്രവര്‍ത്തിച്ചു. 2010 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടെ തോറ്റ് അര്‍ജന്‍റീന പുറത്തായതോടെ ആ കരിയറും അവസാനിച്ചു. ടീം പുറത്തായതോടെ അര്‍ജന്‍റീനയുമായുള്ള കരാര്‍ മറഡോണ പുതുക്കിയില്ല.

ABOUT THE AUTHOR

...view details