ന്യൂഡല്‍ഹി: കോവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് ആരാധകന്‍ കാരണം ലോക്കായിരിക്കുകയാണ് ഇന്ത്യ ഫുട്‌ബോൾ ടീം നായകന്‍ സുനില്‍ ഛേത്രി. സാധാരണ ആരാധകർ ഓട്ടോഗ്രാഫോ, ബൂട്ടോ, ജേഴ്‌സിയോ ആവശ്യപെടുമ്പോൾ ഇവിടെ നെറ്റ് ഫ്ലിക്‌സ് അക്കൗണ്ടിന്‍റെ യൂസർ നെയ്‌മും പാസ്‌വേഡുമാണ് ഛേത്രിയോട് ആവശ്യപെട്ടിരിക്കുന്നത്.
നെറ്റ് ഫ്ലിക്‌സ് പാസ്‌വേഡ് വേണമെന്ന് ആരാധകന്‍; പുലിവാല് പിടിക്കുമോ ഛേത്രി - സുനില്‍ ഛേത്രി വാർത്ത
ലോക്ക്‌ഡൗണ്‍ കഴിയുന്നത് വരെ ഇന്ത്യന്‍ ഫുട്‌ബോൾ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ നെറ്റ് ഫ്ലിക്‌സ് അക്കൗണ്ട് ഉപയോഗിക്കാന്‍ തന്നെ അനുവദിക്കണമെന്നാണ് ആരാധകന്‍റെ ആവശ്യം
ലോക്കഡൗണ്‍ കഴിയുന്നതോടെ പാസ്‌വേഡ് മാറ്റാമെന്ന ഉപാധിയും വെച്ചു. എന്തായാലും സംഗതി തമാശയായി എടുത്തിരിക്കുകയാണ് ഛേത്രി. ആരാധകന്‍റെ ഇഷ്‌ടങ്ങൾ അറിഞ്ഞ ശേഷം അഭ്യർത്ഥന ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഛേത്രി മറുപടി നല്‍കി. ഫെയ്‌സ്ബുക്കിലൂടെയാണ് ആരാധകന്‍ ഇക്കാര്യം ആവശ്യപെട്ടത്. ലോകമെമ്പാടും 167 ദശലക്ഷം വരിക്കാരാണ് നെറ്റ് ഫ്ലിക്‌സിനുള്ളത്. മലയാള സിനിമകൾ ഉൾപ്പെടെ നിരവധി വീഡിയോകളുടെ ശേഖരമാണ് ഇതിനെ വേറിട്ടതാക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് സുനില്‍ ഛേത്രി. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ സ്വന്തമാക്കിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. ഐഎസ്എല്ലില്‍ 2017-18 സീസണിലെ മികച്ച പ്രകടനത്തിന് ഹീറോ ഓഫ് ദി ലീഗ് ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2017-ല്‍ ഓൾ ഇന്ത്യന്‍ ഫുട്‌ബോൾ ഫെഡറേഷന്‍റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡും സ്വന്തമാക്കി.