ലണ്ടന്‍: നൂറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ലെസ്റ്റര്‍ സിറ്റി എഫ്‌എ കപ്പില്‍ മുത്തമിട്ടു. വിംബ്ലിയില്‍ ഇരുപതിനായിരത്തില്‍ അധികം വരുന്ന കാണികളെ സാക്ഷിയാക്കി നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ചെല്‍സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്ററിന്‍റെ ജയം. 137 വര്‍ഷം നീണ്ട എഫ്‌എ കപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ലെസ്റ്റര്‍ കിരീടം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം യൂറി ടൈലമന്‍സാണ് ലെസ്റ്ററിനായി വിജയ ഗോള്‍ കണ്ടെത്തിയത്. 25 വാര അകലെ നിന്നും ടെലമന്‍സ് തൊടുത്ത ഷോട്ട് ഗോള്‍ വലയുടെ ടോപ് കോര്‍ണറില്‍ ചെന്ന് പതിച്ചു. ലൂക്ക് തോമസിന്‍റെ അസിസ്റ്റില്‍ നിന്നാണ് ബെല്‍ജിയന്‍ മിഡ്‌ഫീല്‍ഡര്‍ ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതിയില്‍ ബെന്‍ ചില്‍വെല്ലിലൂടെ ചെല്‍സി സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും റഫറി വാറിലൂടെ ഗോള്‍ നിഷേധിച്ചു. ലെസ്റ്റര്‍ ലീഡ് പിടിച്ചതോടെ അമേരിക്കന്‍ ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ പുലിസിച്ച്, ബെന്‍ ചില്‍വെല്‍, കായ് ഹാവേര്‍ട്‌സ്, കാളം ഒഡോയ്, ഒലിവിയര്‍ ജിറൗഡ് എന്നിവരെ കളത്തിലിറക്കി ചെല്‍സി ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടിയെങ്കിലും ജയം മാത്രം കണ്ടെത്താനായില്ല. 15 മിനിട്ടിനുള്ളില്‍ അഞ്ച് മാറ്റങ്ങളാണ് ട്യുഷല്‍ കൊണ്ടുവന്നത്.
വല കാത്ത കാസ്‌പര്‍ മൈക്കിളിന്‍റെ സൂപ്പര്‍ സേവുകളും ലെസ്റ്ററിന് തുണയായി. മൈക്കളിന്‍റെ രണ്ട് മനോഹരമായ സേവുകളാണ് വിംബ്ലിയില്‍ കണ്ടത്. ഹവേര്‍ഡ്‌സിന്റെ ഹെഡറും മേസണ്‍ മൗണ്ടിന്റെ ഷോട്ടുമാണ് മൈക്കള്‍ തടുത്തിട്ടത്. 2016ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കപ്പുയര്‍ത്തിയ ശേഷം ആദ്യമായാണ് ലെസ്റ്റര്‍ ഇംഗ്ലണ്ടിലെ പ്രമുഖ ടൂര്‍ണമെന്‍റില്‍ കപ്പിടിക്കുന്നത്.
കൂടുതല്‍ വായനക്ക്: ഇന്‍റര്‍ മിലാനെ വീഴ്ത്തി യുവന്‍റസ് ; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ കാത്തു