നിയോണ്‍: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ യൂറോ കപ്പും കോപ്പ അമേരിക്കയും മാറ്റിവെച്ചു. അടുത്ത വർഷമാണ് ടൂർണമെന്‍റുകൾ നടക്കുക. യൂറോപ്യന്‍ ഫുട്‌ബോൾ ഗവേണിങ് ബോഡിയാണ് യൂറോകപ്പ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഈ വർഷം ചാമ്പ്യന്‍ഷിപ്പ് നടത്തേണ്ടതില്ലെന്നും 2021-ലേക്ക് മാറ്റാനുമാണ് ഗവേണിങ് ബോഡിയുടെ തീരുമാനം. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ മത്സരം നടത്താനാണ് നേരത്തെ നിശ്ചയിച്ചത്. അടുത്ത വർഷം ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായി മത്സരം മാറ്റാനാണ് തീരുമാനം.
കൊവിഡ് ഭീതിയില്‍ കോപ്പയും യൂറോകപ്പും മാറ്റിവെച്ചു - football news
യൂറോപ്യന്‍ ഫുട്‌ബോൾ ഗവേണിങ് ബോഡിയുടെയും അമേരിക്കന്‍ ഫുട്‌ബോൾ ഫെഡറേഷന്‍റെയുമാണ് തീരുമാനം
അതേസമയം ഈ വർഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ അര്‍ജന്റീനയിലും കൊളംബിയയിലുമായി നടത്തേണ്ടിയിരുന്ന കോപ്പ അമേരിക്കയും മാറ്റിവെച്ചു. അടുത്തവര്‍ഷത്തേക്കാണ് ടൂര്‍ണമെന്റ് മാറ്റിയത്. 1983നുശേഷം ആദ്യമായി രണ്ട് രാജ്യങ്ങള്‍ വേദിയാവുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ കോപ്പയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ ഫുട്‌ബോൾ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പും മാറ്റിവെച്ചിരുന്നു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രധാന ഫുട്‌ബോൾ ലീഗുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.