ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും സ്‌പാനിഷ് ലാലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണയും ഏറ്റുമുട്ടും. ഓഗസ്റ്റ് 15ന് പുലര്‍ച്ചെ 12.30ന് പോര്‍ച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്‌ബണിലാണ് മത്സരം. ക്വാര്‍ട്ടറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്ലാസിക് പോരാട്ടമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
യൂറോപ്പില്‍ ചാമ്പ്യന്‍മാരുടെ പോരാട്ടം; ക്വാര്‍ട്ടറില്‍ ബയേണും ബാഴ്‌സയും നേർക്കു നേർ - barcelona news
ഓഗസ്റ്റ് 13 മുതല്‍ നാല് ദിവസങ്ങളിലായാണ് ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക. പിഎസ്‌ജി ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്ലാന്‍റയെ നേരിടും.
പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ബയേണ്‍ ലിസ്‌ബണിലേക്ക് വണ്ടികയറുന്നത്. ബയേണിന്‍റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ എതിരാളികളായ ചെല്‍സിക്ക് ഒരു മേഖലയില്‍ പോലും മുന്നേറ്റമുണ്ടാക്കാനായില്ല. നീലപ്പടക്ക് മുകളില്‍ ബയേണ്‍ കൊടുങ്കാറ്റായി ആഞ്ഞ് വീശിയപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ബയേണിനായി റോബര്‍ട്ട് ലവന്‍ഡോവ്‌സ്‌കി രണ്ട് ഗോളടിച്ചപ്പോള്‍ ഇവാന്‍ പെറിസിക്, കൊറിന്‍ടിന്‍ ടൊളിസോ എന്നിവരും ഗോൾ നേടി. ചെല്‍സിക്കായി മൂന്നേറ്റ താരം ടാമി എബ്രഹാം ആശ്വാസ ഗോള്‍ നേടി. ഹോം ഗ്രൗണ്ടിലെ ജയത്തോടെ ഇരു പാദങ്ങളിലുമായി ചെല്‍സിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്.
ലീഗിലെ മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാപ്പോളിയെ പരാജയപ്പെടുത്തി. ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയിലാണ് ബാഴ്‌സയുടെ മൂന്ന് ഗോളുകളും പിറന്നത്. 10-ാം മിനിട്ടില്‍ ബാഴ്‌സക്കായി ക്ലമന്‍റ് ലെങ്‌ലെറ്റാണ് ആദ്യ ഗോളടിച്ചത്. പിന്നാലെ 23-ാം മിനിട്ടില്‍ മെസിയും ആദ്യപകുതിയിലെ അധികസമയത്ത് പെനാല്‍ട്ടിയിലൂടെ ലൂയി സുവാരസും ഗോളടിച്ചു. ലോറന്‍സോ ഇന്‍സൈന്‍ നാപ്പോളിക്കായി ആശ്വാസ ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം.