കേരളം

kerala

ETV Bharat / sports

കീവിനെ തകർത്ത് ചെല്‍സിയുടെ വിജയകുതിപ്പ്

ഡൈനാമോ കീവിനെ ചെല്‍സി കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. ആഴ്സണലിനെ ഏവേ മത്സരത്തില്‍ അട്ടിമറിച്ച് റെന്നെസ്.

വില്ല്യൻ

By

Published : Mar 8, 2019, 12:58 PM IST

യൂറോപ്പ ലീഗില്‍ ചെല്‍സിയുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഡൈനാമോ കീവിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെല്‍സി തോല്‍പ്പിച്ചത്.

ഇന്ന് ഏഴ് മാറ്റങ്ങളുമായാണ് ചെല്‍സി ഡൈനാമോ കീവിനെതിരെ ഇറങ്ങിയത്. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ച ചെല്‍സി പെഡ്രോയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. ജിറൂദിന്‍റെ മികച്ച ഒരു ഫ്ലിക്കിലൂടെ പന്ത് പെഡ്രോക്ക് ലഭിക്കുകയും ഗോളാക്കുകയുമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഗോളുകൾ നേടാനുള്ള മൂന്ന് അവസരങ്ങൾ ലഭിച്ചെങ്കിലും പെഡ്രോക്ക് ഗോൾ നേടാനായില്ല.

രണ്ടാം പകുതിയില്‍ വില്യനിലൂടെ ചെല്‍സി ലീഡുയർത്തി. ലോഫ്റ്റസ് ചീകിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക്‌ വില്ല്യന്‍ ഗോളാക്കി. പിന്നീട് ഡൈനാമോ കീവ് ആക്രമിച്ച് കളിച്ചെങ്കിലും 90ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹുഡ്സണ്‍ ഓഡോ നേടിയ ഗോളിലൂടെ ചെല്‍സി ഗോൾ പട്ടിക പൂർത്തിയാക്കി. ഇന്നത്തെ തകര്‍പ്പന്‍ ജയത്തോടെ യൂക്രയ്നില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ചെല്‍സിക്ക് ആത്മവിശ്വാസത്തോടെ കളിക്കാം. മാർച്ച് 14നാണ് ഇരുവരും തമ്മിലുള്ള രണ്ടാം പാദ മത്സരം.

യൂറോപ്പ ലീഗിലെ എവേ മത്സരത്തില്‍ ആഴ്സണലിനെ ഫ്രഞ്ച് ക്ലബായ റെന്നെസ് അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റെന്നെസ് ജയിച്ചത്. ആദ്യ പകുതിയില്‍ ആഴ്സണല്‍ ഒരു ഗോളിന് മുന്നില്‍ നിന്ന സമയത്ത് സോക്രടീസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് മത്സരം റെന്നസിന് അനുകൂലമായത്. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ രണ്ട് ഗോളിന്‍റെ വ്യത്യാസത്തില്‍ എങ്കിലും ജയിച്ചാല്‍ മാത്രമേ ആഴ്സണല്‍ അടുത്ത റൗണ്ടിലെത്തൂ.

ABOUT THE AUTHOR

...view details