മാഡ്രിഡ്: യൂറോപ്പ ലീഗ് സെമി ഫൈനലില്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ ആഴ്‌സണലിനെ മുട്ടുകുത്തിച്ച് സ്‌പാനിഷ് ക്ലബ് വിയ്യാറയല്‍. ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിയ്യാറയലിന്‍റെ ജയം.
ആദ്യപാദത്തിലാണ് ഉനയ് എമിറിയുടെ ശിഷ്യന്‍മാര്‍ ഇരു ഗോളുകളും അടിച്ചത്. കിക്കോഫായി അഞ്ചാം മിനിട്ടില്‍ മനു ട്രിഗറസ് വിയ്യാറയലിനായി ആദ്യം വലകുലുക്കി. 29-ാം മിനിട്ടില്‍ റൗള്‍ ആല്‍ബിയോളും വിയ്യാറയലിനായി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ നിക്കോളാസ് പെപ്പെയാണ് ഗണ്ണേഴ്‌സിനായി ആശ്വാസ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഇരു ടീമിലെയും മിഡ്‌ഫീല്‍ഡേഴ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 57-ാം മിനിട്ടില്‍ ആഴ്‌സണലിന്‍റെ ഡാനി സെബാലസും 80-ാം മിനിട്ടില്‍ വിയ്യാറയലിന്‍റെ കാപ്പോവും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
നിശ്ചിതസമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ സൂപ്പര്‍ ഫോര്‍വേഡ് പിയറി എമിറിക്ക് ഒബുമയാങ്ങിനെ ഉള്‍പ്പെടെ പകരക്കാരനായി കളത്തിലിറക്കിയെങ്കിലും സമനില പിടിക്കാന്‍ പോലും ഗണ്ണേഴ്‌സിന് സാധിച്ചില്ല. അധികസമയത്ത് നിക്കോളാസ് പെപ്പെക്ക് പകരം ബ്രസീലിയന്‍ വിങ്ങര്‍ നിക്കോളാസ് പെപ്പെയെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദ സെമി ഫൈനല്‍ പോരാട്ടം മെയ് ഏഴിന് ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടക്കും. ഇരു പാദങ്ങളിലുമായി ഗോള്‍ ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്ന ടീം ഫൈനല്‍ യോഗ്യത നേടും.