മാഞ്ചസ്റ്റര്‍: റോമയുടെ വല നിറച്ച് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. യൂറോപ്പ ലീഗിന്‍റെ സെമി ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ റോമക്കെതിരെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്‍റെ ജയം. പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് യുണൈറ്റഡ് ഹോം ഗ്രൗണ്ടില്‍ പുറത്തെടുത്തത്. ഓള്‍ഡ് ട്രാഫോഡില്‍ പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, എഡിസണ്‍ കവാനി എന്നിവര്‍ രണ്ട് ഗോള്‍ വീതം സ്വന്തമാക്കി.
കിക്കോഫായി ഒമ്പതാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാാണ്ടസാണ് യുണൈറ്റഡിനായി അക്കൗണ്ട് തുറന്നത്. ബോക്‌സിനുള്ളില്‍ നിന്നും കവാനിയുടെ പാസിലൂടെയാണ് ബ്രൂണോ വല കുലുക്കിയത്. ഇതോടെ സീസണില്‍ പോര്‍ച്ചുഗീസ് മിഡ്‌ഫീല്‍ഡര്‍ അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം 25 ആയി. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെയാണ് ബ്രൂണോയുടെ രണ്ടാമത്തെ ഗോള്‍ പിറന്നത്.
രണ്ടാം പകുതിയിലായിരുന്നു യുറുഗ്വന്‍ ഫോര്‍വേഡ് എഡിസണ്‍ കവാനിയുടെ ഗോളുകള്‍. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ കവാനി വല കുലുക്കി. പിന്നാലെ സമയോചിതമായ ഇടപെടലിലൂടെ കവാനി വീണ്ടും ഗോള്‍ സ്വന്തമാക്കി. ഇത്തവണ റോമയുടെ വലകാത്ത അന്‍റോണിയോ മെറാന്‍റെയുടെ കൈയ്യില്‍ തട്ടി തെറിച്ച പന്ത് കവാനി ഒറ്റ കിക്കിലൂടെ വലയിലെത്തിച്ചു. യുണൈറ്റഡ് ഡിഫന്‍ഡര്‍ ബിസാക്കയുടെ ഗോള്‍കിക്ക് പ്രതിരോധിക്കുന്നതിനിടെയാണ് മെറാന്‍റെയുടെ കൈയില്‍ നിന്നും പന്ത് വഴുതിപ്പോയത്.
രണ്ടാം പകുതിയില്‍ എഡിസണ്‍ കവാനിയും നിശ്ചിത സമയത്ത് കളി അവസാനിക്കുന്നതിന് നാല് മിനിട്ട് മുമ്പ് മേസണ്‍ ഗ്രീന്‍വുഡും യുണൈറ്റഡിനായി വല കുലുക്കി. റോമക്കായി എഡിന്‍ ഡിസേക്കോയും പെനാല്‍ട്ടിയിലൂടെ പെല്ലഗ്രിനിയും വല ചലിപ്പിച്ചു.
ആദ്യ പാദ സെമി ഫൈനലിലെ വമ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്‍റെ ഫൈനല്‍ പ്രവേശം ഏതാണ്ടുറപ്പിച്ചു. ഹോം ഗ്രൗണ്ടില്‍ മെയ് ഏഴിന് നടക്കുന്ന രണ്ടാംപാദ സെമി ഫൈനലില്‍ ഗോള്‍ മാര്‍ജിനില്‍ മുന്നിലെത്തിയാലെ റോമക്ക് മുന്നില്‍ ഫൈനല്‍ സാധ്യതകള്‍ തുറക്കുകയുള്ളൂ.