ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും യൂറോപ്പ ലീഗിന്‍റെ സെമി ഫൈനലില്‍. ഇന്ന് നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇരുവരുടെയും സെമി പ്രവേശം.
പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്ലാവിയ പ്രാഹയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ആഴ്‌സണല്‍ പരാജയപ്പെടുത്തി. അലക്‌സാഡ്രെ ലാകാസെട്ടെയുടെ (21, 77) ഇരട്ട ഗോളിന്‍റെ കരുത്തിലാണ് പ്രാഹയുടെ വല ഗണ്ണേഴ്‌സ് നിറച്ചത്. പതിനെട്ടാം മിനിട്ടില്‍ നിക്കോളാസ് പെപ്പെ ആഴ്‌സണലിനായി ആദ്യം വല കുലുക്കി. പിന്നാലെ ആറ് മിനിട്ടുകള്‍ക്ക് ശേഷം ഇംഗ്ലീഷ് ഫോര്‍വേഡ് ബുകായ സാകയും പ്രാഹയുടെ വലയിലേക്ക് നിറയൊഴിച്ചു. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്.
ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗ്രാനഡയെ പരാജയപ്പെടുത്തി. കിക്കോഫിന് ശേഷം ആറാം മിനിട്ടില്‍ എഡിസണ്‍ കവാനി യുണൈറ്റഡിനായി ആദ്യം വല കുലുക്കി. പിന്നാലെ ഗ്രാനഡ ഡിഫന്‍ഡര്‍ വല്ലെജിയോയുടെ ഓണ്‍ ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. ഇരു പാദങ്ങളിലുമായി മറുപടിയില്ലാത്ത നാല് ഗോളുകളുടെ ജയമാണ് ഗ്രാനഡക്കെതിരെ യുണൈറ്റഡ് സ്വന്തമാക്കിയത്.
ഇരു പാദങ്ങളിലായി നടക്കുന്ന യൂറോപ്പ ലീഗിലെ സെമി പോരാട്ടങ്ങള്‍ ഈ മാസം 29ന് ആരംഭിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡും റോമയും ഏറ്റുമുട്ടുമ്പോള്‍ ആഴ്‌സണലിന് എതിരാളികള്‍ വിയ്യാറയലാണ്. കലാശപ്പോര് അടുത്ത മാസം 26-ന് നടക്കും. സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളുടെ വേദി തീരുമാനിച്ചിട്ടില്ല.