ഗ്ലാസ്ഗോ : യൂറോ കപ്പിലെ ഗ്രൂപ്പ് ഡിയുടെ അവസാന മത്സരത്തിൽ സ്കോട്‌ലാൻഡിനെ തോൽപ്പിച്ച് ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ മുന്ന് ഗോളിനാണ് ടീമിന്‍റെ ജയം. നിർണായകമായ മത്സരത്തിൽ ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, നിക്കോള വ്ളാസിച്ച് എന്നിവരാണ് ക്രൊയേഷ്യക്കായി ഗോളുകൾ നേടിയത്. കല്ലെ മക്ഗ്രെഗോറിന്‍റെ വകയായിരുന്നു സ്കോട്‌ലാൻഡിന്‍റെ ആശ്വാസ ഗോൾ.
ഒരു പോയിന്‍റുമായി മുന്നാം സ്ഥാനത്തായിരുന്ന ക്രൊയേഷ്യയുടെ അവേശകരമായ വിജയമാണ് ഇവർക്ക് നോക്കൗട്ട് ബർത്ത് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽക്കുകയും, ചെക്കിനോട് സമനില വഴങ്ങിയും പുറത്താകൽ ഭീഷണിയിലായിരുന്നു ക്രൊയേഷ്യ. ജയത്തോടെ ക്രൊയേഷ്യക്ക് ഇപ്പോൾ നാല് പോയിന്‍റുണ്ടെങ്കിലും ഗോൾ ഡിഫറൻസിന്‍റെ വ്യത്യാസത്തിലാണ് ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പാക്കിയത്. സ്‌കോട്‌ലാൻഡിന്‍റെ പ്രതീക്ഷകൾ അസ്‌തമിച്ചെങ്കിലും ചെക്കിന് ഇനിയും പ്രതീക്ഷകളുണ്ട്.
ക്രൊയേഷ്യ ലീഡ്, സമനില സ്കോട്ലാൻഡ്
നിർണായക മത്സരമായത് കൊണ്ട് തന്നെ തുടക്കം മുതൽ ക്രൊയേഷ്യ ആക്രമിച്ചു കളിച്ചു. ആദ്യത്തെ ലീഡിന് അവസരം ലഭിച്ചത് സ്കോട്‌ലാൻഡിനായിരുന്നു. അഞ്ചാം മിനിറ്റിൽ ജോൺ മഗ്ഗിന്‍റെ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. പത്താം മിനിറ്റില്‍ സ്കോട്‌ലാൻഡിന് വീണ്ടും അവസരം ലഭിച്ചിട്ടും ലീഡ് നേടാനായില്ല.
നിക്കോള വ്ളാസിച്ചിലൂടെ 17-ാം മിനിറ്റിൽ ക്രൊയേഷ്യ ലീഡ് എടുത്തു. പേരിസിച്ച് ഹെഡറിലുടെ ഒരുക്കിയ അവസരം സ്വീകരിച്ച വ്ളാസിച്ച് പന്തിനെ ലക്ഷ്യത്തിലെത്തിച്ചു. 42-ാം മിനിറ്റില്‍ കല്ലെ മക്ഗ്രെഗോറിലൂടെ സ്കോട്‌ലാൻഡ് മറുപടി ഗോൾ നേടി. ബോക്സിന് പുറത്ത് 20 യാർഡ് അകലെ നിന്ന് തൊടുത്ത ഷോട്ട് ക്രൊയേഷ്യൻ ഗോളിയെ മറികടന്നു.