യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ നെതർലൻഡ്സിനെതിരെ ജർമ്മനിക്ക് ആവേശജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമ്മനി ജയിച്ചത്. മറ്റ് പ്രധാന മത്സരങ്ങളില്‍ ബെല്‍ജിയം,പോളണ്ട്, ഹംഗറി എന്നിവർക്കും ജയം. ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യക്ക് അപ്രതീക്ഷിത തോല്‍വി തിരിച്ചടിയായി.
യൂറോ യോഗ്യത : ഓറഞ്ച് പടയെ കീഴടക്കി ജർമ്മനി, ക്രൊയേഷ്യയെ ഞെട്ടിച്ച് ഹംഗറി - ഹംഗറി
നെതർലൻഡ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ജർമ്മനി. ബെല്‍ജിയം ജയിച്ചപ്പോൾ ക്രൊയേഷ്യക്ക് ഞെട്ടിക്കുന്ന തോല്‍വി.
90ആം മിനിറ്റില്‍ ഷൂൾസിന്‍റെ ഗോളാണ് ജർമ്മനിക്ക് ആവേശ ജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ 15ആം മിനിറ്റില്‍ സാനെയും 34ആം മിനിറ്റില്‍ നാബ്രിയും നേടിയ ഗോളുകളില്‍ ജർമ്മനി രണ്ട് ഗോളിന്‍റെ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ച് നെതർലൻഡ്സ് സമനില പിടിച്ചു. ഡി ലൈറ്റ്, മെംഫിസ് ഡെപേ എന്നിവരാണ് നെതർലൻഡ്സിന് വേണ്ടി ഗോൾ നേടിയത്. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരുന്ന സമയത്ത് ഷൂൾസിന്‍റെ അപ്രതീക്ഷിത ഗോൾ ജർമ്മനിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
നായകൻ ഈഡൻ ഹസാർഡിന്‍റെ തകർപ്പൻ പ്രകടനമാണ് സൈപ്രസിനെതിരെ ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെല്‍ജിയം ജയിച്ചത്. പത്താം മിനിറ്റില്‍ ഹസാർഡും 18ആം മിനിറ്റില്‍ ബാത്ഷുവായുമാണ് ബെല്‍ജിയത്തിന്‍റെ ഗോൾസ്കോറർമാർ. ഇന്നലെ നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ ഹംഗറിക്കെതിരെ ക്രൊയേഷ്യ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഹംഗറിയുടെ ജയം.