ആംസ്റ്റര്‍ഡാം : യൂറോ കപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് പോരാട്ടത്തോടെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അരങ്ങുണരുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആംസ്റ്റര്‍ഡാമിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും അവസാന 16ല്‍ ഇടം പിടിച്ചത്.
എ ഗ്രൂപ്പില്‍ നിന്നും അവസാന 16ലെത്തിയ വെയ്ല്‍സ് ഗ്രൂപ്പില്‍ ഇറ്റലിക്ക് കീഴില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഒരു വിജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെയായിരുന്നു ഗ്രൂപ്പില്‍ ടീമിന്‍റെ പ്രകടനം.
അതേസമയം രണ്ട് മത്സരങ്ങളില്‍ തോറ്റാണ് ഡെന്‍മാര്‍ക്കിന്‍റെ വരവ്. റഷ്യയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയം നേടാനായത് ടീമിന് തുണയായി.
വിജയമാവര്‍ത്തിക്കാന്‍ കാസ്പറിനും സംഘവും
also read:ഖേല്‍ രത്‌ന : പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ
മധ്യനിരയില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണെങ്കിലും റഷ്യയ്‌ക്കെതിരായ മികച്ച വിജയം കോച്ച് കാസ്പറിനും സംഘത്തിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
മൈക്കൽ ഡാംസ്‌ഗാർഡ്, യൂസഫ് പോൾസെൻ, ആൻഡ്രിയാസ് ക്രിസ്റ്റിയെന്‍സെന്‍, ജോക്കീം മാലെ എന്നിവരില്‍ ഇക്കുറിയും കോച്ച് പ്രതീക്ഷവയ്ക്കുന്നുണ്ട്. ഇതോടെ അവസാന മത്സരത്തിലെ ടീമില്‍ നിന്നും വലിയ മാറ്റങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നേക്കില്ല. കഴിഞ്ഞ തവണ സെമിയിലെത്താന്‍ ഡെന്മാര്‍ക്കിന് കഴിഞ്ഞിരുന്നു.
വെയ്ല്‍സിന് പ്രതിരോധം കരുത്ത്
എന്നാല്‍ അവസാന മത്സരത്തില്‍ ഇറ്റലിയോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയെങ്കിലും പ്രതിരോധം തന്നയാവും വെയ്ല്‍സിന്‍റെ കരുത്ത്. ഇറ്റലിക്കെതിരായ മത്സരത്തില്‍ പുറത്തിരുന്ന സൂപ്പര്‍ താരം കീഫർ മൂർ ടീമില്‍ തിരിച്ചെത്തിയേക്കും. ക്യാപ്റ്റന്‍ ഗാരത് ബെയിലാണ് ടീമിന്‍റെ പ്രതീക്ഷ.
അതേസമയം ഇറ്റലിക്കെതിരായ മത്സരത്തില്‍ ചെല്‍സി താരം ഏദന്‍ അംപാഡിന് ലഭിച്ച ചുവപ്പ് കാര്‍ഡ് ടീമിന് തിരിച്ചടിയാണ്. അതേസമയം ഇരു ടീമുകളും 10 മത്സരങ്ങളില്‍ പരസ്പരം പോരടിച്ചപ്പോള്‍ ആറ് തവണ വിജയിക്കാനായത് ഡെന്‍മാര്‍ക്കിനാണ്. നാല് തവണയാണ് വെയ്ല്‍സിന് ജയിക്കാനായത്.