റോം:പൊരുതി കളിച്ചിട്ടും ടൂർണമെന്‍റില്‍ ഒരു ജയമെന്ന സ്വപ്‌നം നേടാൻ തുർക്കിക്കായില്ല. ഒന്നിനെതിരെ മുന്ന് ഗോളുകള്‍ക്കാണ് സ്വിറ്റ്‌സർലൻഡ് തുർക്കിയെ മറികടന്നത്. ജയിച്ചെങ്കിലും പ്രീ ക്വാർട്ടറിലെത്താൻ സ്വിറ്റ്‌സർലൻഡിനായില്ല. ഗോള്‍ വ്യത്യാസത്തില്‍ വെയ്‌ല്‍സിനെ മറികടക്കാൻ ആകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. എന്നിരുന്നാലും ടീമിന്‍റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. ആറ് ഗ്രൂപ്പുകളില്‍ നിന്നായി മൂന്നാം സ്ഥാനത്തുള്ള നാല് ടീമുകള്‍ക്ക് പ്രീ ക്വാർട്ടർ യോഗ്യത ലഭിക്കുമെന്നതാണ് സ്വിറ്റ്‌സർലന്‍ഡിന്‍റെ അവസാന കച്ചിത്തുരുമ്പ്.
ജെർദാൻ ഷക്കീരിയുടെ ഇരട്ടഗോളും ഹാരിസ് സെഫറോവിച്ചിന്‍റെ ഗോളുമാണ് സ്വിസ് പടയ്‌ക്ക് വിജയം സമ്മാനിച്ചത്. ഇർഫാൻ കാഹ്‌വെസിയുടെ വകയായിരുന്നു തുർക്കിയുടെ ഏക ഗോള്‍.
നിലനില്‍പ്പിന് ജയം അനിവാര്യമായിരുന്നു ഇരു ടീമിനും. മികച്ച ഗോള്‍ വ്യത്യാസമുണ്ടെങ്കില്‍ മാത്രമെ വെയ്‌ല്‍സിനെ മറികടക്കാൻ സാധിക്കുകയുള്ളു എന്നതിനാല്‍ ഗോളടിക്കാൻ രണ്ടും കല്‍പ്പിച്ചാണ് സ്വിസ് പട ഇറങ്ങിയത്. എന്നാല്‍ മികച്ച പ്രകടനവുമായി തുർക്കിയും കളം നിറഞ്ഞതോടെ മൈതാനത്ത് തീപാറി. 23 ഷോട്ടുകളാണ് സ്വിറ്റ്‌സർലൻഡ് ഉതിര്‍ത്തത്. ഇതില്‍ പത്തും പോസ്‌റ്റിലേക്കായിരുന്നു.
മറുവശത്ത് തുര്‍ക്കി അടിച്ച 19 ഷോട്ടുകളില്‍ ആറെണ്ണം പോസ്റ്റിലേക്കെത്തി. ടൂർണമെന്‍റിലെ തുർക്കിയുടെ ആദ്യ ഗോളാണ് ഈ മത്സരത്തില്‍ പിറന്നത്. ആകെ കളിച്ച മൂന്ന് കളികളും തോറ്റ തുർക്കി ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ്. ആദ്യ ജയം നേടി സ്വിറ്റ്‌സർലൻഡ് മൂന്നാം സ്ഥാനത്തെത്തി. ഒന്നു വീതം ജയവും സമനിലയും തോല്‍വിയുമടക്കം നാല് പോയന്‍റാണ് സ്വിറ്റ്‌സർലൻഡിനുള്ളത്.