സെന്‍റ് പീറ്റേഴ്സ്ബർഗ്: യൂറോപ്പയില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ സ്വീഡനെതിരെ പോളണ്ടിന് നിര്‍ണായക പോരാട്ടം. ഗ്രൂപ്പില്‍ നിന്നും സ്വീഡന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. അതേസമയം അവസാന പതിനാറെന്ന പ്രതീക്ഷ നിലനിര്‍ത്തണണമെങ്കില്‍ പോളണ്ടിന് വലിയ മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്.
നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്‍റാണ് സ്വീഡനുള്ളത്. മൂന്ന് പോയിന്‍റുള്ള സ്ലോവാക്യ രണ്ടാം സ്ഥാനത്തും, രണ്ട് പോയിന്‍റുള്ള സ്പെയിന്‍ മൂന്നാം സ്ഥാനത്തുമുള്ളപ്പോള്‍ നാലാം സ്ഥാനത്തുള്ള പോളണ്ടിന് ഒരു പോയിന്‍റ് മാത്രമാണുള്ളത്. ഇതോടെ ഇന്ത്യൻ സമയം രാത്രി 9:30ന് നടക്കുന്ന മത്സരം കടുക്കുമെന്ന് പ്രതീക്ഷിക്കാം.
സ്വീഡിഷ് പടയില്‍ എമിൽ ഫോർസ്ബർഗ്, അലക്സാണ്ടർ ഇസക്, മാർക്കസ് ബെർഗ് എന്നിവരുടെ പ്രകടനം മുതല്‍ക്കൂട്ടാവും. വലയ്ക്ക് കീഴില്‍ റോബിൻ ഓൾസന്‍റെ പ്രകടന മികവ് നിര്‍ണായകമാവും. അതേസമയം ടീം ലൈനപ്പില്‍ കോച്ച് ജാൻ ആൻഡേഴ്സൺ മാറ്റം വരുത്തിയേക്കും. ഇതോടെ ഡെജാൻ കുലുസെവ്സ്കിക്ക് അവസരം ലഭിച്ചേക്കും.