ഗ്ലാസ്ഗോ: യൂറോ കപ്പില്‍ ഇന്ന് രണ്ട് ക്വാർട്ടർ പോരാട്ടങ്ങള്‍. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെൻമാർക്കിനെ നേരിടും. ബാകുവിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും യുക്രൈനും കൊമ്പുകോര്‍ക്കും. രാത്രി പന്ത്രണ്ടരയ്ക്ക് സ്റ്റേഡിയോ ഒളിംപിക്കോയിലാണ് ഈ പോരാട്ടം.
ഇംഗ്ലണ്ട് vs യുക്രൈന്‍ (12.30 am)
വെബ്ലിയിലെ ചരിത്രം തിരുത്തി ജർമനിയോട് പകവീട്ടിയാണ് ഗാരെത് സൗത്ത്ഗേറ്റും സംഘവും എത്തുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യൂറോ സെമിയെന്ന സ്വപ്നമാണ് ത്രീ ലയണ്‍സിനുള്ളത്. 1996ല്‍ നേരത്തെ സെമിയില്‍ കടന്ന സംഘം കിരീടം നേടിയാണ് പോരാട്ടങ്ങള്‍ അവസാനിപ്പിച്ചത്. യൂറോയില്‍ ഇതേവരെ തോല്‍ക്കാത്ത സംഘം ഒരു ഗോളും വഴങ്ങാത്ത ടീം കൂടിയാണ്.
ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ഹാരി കെയ്‌ന്‍
ക്യാപ്റ്റന്‍ ഹാരി കെയ്‌ന്‍ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത് ടീമിന് ആശ്വാസമാണ്. റഹീം സ്‌റ്റെര്‍ലിങ്, കെയ്ൻ ഗ്രീലിഷ് ലൂക്ക് ഷോ എന്നിവര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡിന്‍റേയും പ്രകടനം നിര്‍ണായകമാവും. അതേസമയം വിങ്ങര്‍ ബുക്കായോ സാകയുടെ പരിക്ക് ടീമിന് ആശങ്കയാണ്. ജര്‍മനിക്കെതിയിറങ്ങിയ 3-4-3 ഫോര്‍മാറ്റില്‍ തന്നെയാവും സൗത്ത്ഗേറ്റ് ടീമിനെ കളത്തിലിറക്കുക. നിരീക്ഷണം പൂര്‍ത്തിയാക്കിയ മേസൺ മൗണ്ടും ബെൻ ചിൽവെല്ലും ടീമിലേക്ക് തിരിച്ചെത്തിയേക്കാം.