വെംബ്ലി: യൂറോപ്പിന്‍റെ ഫുട്ബോള്‍ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വെംബ്ലിയില്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ഫൈനലില്‍ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡെൻമാർക്കിനെ കീഴടക്കിയാണ് സൗത്ത് ഗേറ്റിന്‍റെ സംഘം ഫൈനലിനെത്തുന്നത്.
സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ പുറത്താക്കിയാണ് ഇറ്റലിയുടെ വരവ്. അതേസമയം യൂറോ കപ്പിന്‍റെ ചരിത്രം തിരുത്തി കന്നി കിരീടത്തിനായാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ 1968ന് ശേഷം മറ്റൊരു കിരീടമാണ് അസൂറികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതോടെ വെംബ്ലിയിലെ പോരാട്ടം കനക്കും.
ചരിത്രം തീര്‍ക്കാന്‍ ത്രീ ലയണ്‍സ്
ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്താന്‍ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ട് സ്വന്തം തട്ടകമായ വെംബ്ലിയില്‍ ജീവന്‍ മരണപ്പോരാട്ടത്തിനായാണ് ഇറങ്ങുന്നത്. ലോകകപ്പിലും യുവേഫ നാഷന്‍സ് ലീഗിലുമെല്ലാം അവസാന ഘട്ടത്തില്‍ അടി പതറിയ വേദനയില്ലാതാവാന്‍ ത്രീലയണ്‍സിന് വിജയം അനിവാര്യമാണ്. യൂറോയില്‍ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന സൗത്ത് ഗേറ്റിന്‍റെ സംഘത്തിന്‍റെ വല കുലുങ്ങിയത് ഒരേയൊരു തവണയാണ്.
നായകന്‍ ഹാരി കെയ്‌ന്‍, റഹിം സ്‌റ്റെര്‍ലിങ്, ബുകായോ സാക എന്നിവരെ മുന്‍ നിര്‍ത്തി തന്നെയാവും സൗത്ത് ഗേറ്റ് ടീമിനെ കളത്തിലിറക്കുക. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്‍റേയും കെയ്‌ല്‍ വാക്കര്‍, ഹാരി മാഗ്വയര്‍, ലൂക് ഷോ എന്നിവരുടേയും പ്രകടനം നിര്‍ണായകമാവും. അതേസമയം പരിക്കേറ്റ ഫില്‍ ഫോഡന് പകരം ജാഡന്‍ സാഞ്ചോ ടീമില്‍ ഇടം പിടിച്ചേക്കും.