ബുഡാപെസ്റ്റ്: യുറോകപ്പിലെ മരണ ഗ്രൂപ്പായ എഫിൽ ഇന്ന് സൂപ്പർ ഫൈറ്റ്. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച പുലർച്ചെ 12:30ന് നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാൻസും നിലവിലെ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലും ഏറ്റുമുട്ടും. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്‍റുള്ള ഫ്രാൻസാണ് ഗ്രൂപ്പില്‍ ഒന്നാമത്.
മൂന്ന് പോയിന്‍റ് വീതമുള്ള ജര്‍മ്മനിയും പോർച്ചുഗലും രണ്ടും മൂന്നും സ്ഥാനങ്ങളിലാണുള്ളത്. ജർമ്മനിക്കെതിരായ ഒരു ഗോളിന്‍റെ ജയവും ഹംഗറിയോടുള്ള സമനിലയുമാണ് ഫ്രാൻസിന്‍റെ അക്കൗണ്ടിലുള്ളത്. ഈ കളിയിൽ സമനിലയായാല്‍ പോലും ഫ്രാൻസിന് പ്രീക്വാർട്ടറിലെത്താം.
അതേസമയം ഹംഗറിക്കെതിരെ ജയം നേടിയ പോര്‍ച്ചുഗല്‍ ജര്‍മ്മനിയോട് തോല്‍വി വഴങ്ങിയിരുന്നു. അതിനാല്‍ ടൂർണമെന്‍റില്‍ മുന്നോട്ടുള്ള യാത്രയില്‍ പോർച്ചുഗലിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ സംഘത്തിന്‍റെ മനസിലുണ്ടാവില്ല. കിലിയൻ എംബപ്പെ, എൻഗോളോ കാന്‍റെ, പോഗ്ബെ, റാഫേൽ വരാനെ എന്നിവർ ഫ്രാൻസിന് കരുത്ത് പകരും.
also read: ജീവിതത്തിന്‍റെ കളിക്കളത്തില്‍ മാനെക്ക് രക്ഷകന്‍റെ റോള്‍; നാട്ടുകാര്‍ക്കായി ആശുപത്രി
മറുവശത്ത് റൊണാൾഡോ, ഡിയേഗോ ജോട്ട, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ തുടങ്ങിയവർ അണിനിരക്കുബോൾ പുഷ്‌കാസ് അറീന സ്റ്റേഡിയം യുദ്ധക്കളമാകും.