ലിസ്‌ബണ്‍: യൂറോ കപ്പിനുള്ള പോര്‍ച്ചുഗീസ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോ പ്രഖ്യാപിച്ചത്. റൊണാള്‍ഡോയെ കൂടാതെ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂളിന്‍റെ ഡിയേഗോ ജോട്ട, ലാലിഗയിലെ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ജോ ഫെലിക്‌സ് എന്നിവരാണ് പറങ്കിപ്പടയുടെ മുന്നേറ്റ നിരയിലെ പ്രമുഖര്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്‌ഫീല്‍ഡറും പ്ലയര്‍ ഓഫ് ദി സീസണുമായ ബ്രൂണോ ഫെര്‍ണാണ്ടസാണ് മധ്യനിരയിലെ പ്രധാന ആകര്‍ഷണം. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്‌ജിക്കൊപ്പം കിരീടത്തിനായി മത്സരിക്കുന്ന കരുത്തരായ ലില്ലിയുടെ സെന്‍റര്‍ മിഡ്‌ഫീല്‍ഡര്‍ റെനാറ്റോ സാഞ്ചസാണ് മധ്യനിരയിലെ മറ്റൊരു പ്രമുഖന്‍.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാന്‍സെല്ലോയും റൂബന്‍ ഡിയാസും ലില്ലിയുടെ ജോസ് ഫോണ്ടെയും പ്രതിരോധ കോട്ട ഒരുക്കും. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ എഫിലാണ് പോര്‍ച്ചുഗല്‍. ഫ്രാന്‍സിനെ കൂടാതെ ജര്‍മനിയും ഹംഗറിയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ക്ലബ് ഫുട്‌ബോളിലെ അനിശ്ചിതത്വം തുടരുമ്പോഴും അന്താരാഷ്‌ട്ര തലത്തില്‍ നേട്ടങ്ങളുടെ നെറുകയിലേക്ക് നടന്നടുക്കുകയാ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.