കോപ്പൻഹേഗന്‍: യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഫിന്‍ലന്‍ഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും കളിയിലെ താരം മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണാണ്. ലോകം മുഴുവന്‍ കാല്‍പന്തിന്‍റെ ലോകത്തേക്ക് ചുരുങ്ങുമ്പോഴെന്ന വാക്കുകള്‍ അറ്റാക്കിങ് മിഡ്‌ഫീല്‍ഡറിലൂടെ ഒരിക്കല്‍ കൂടി യാഥാര്‍ഥ്യമായി. എറിക്‌സണ് വേണ്ടി ലോകം മുഴുവന്‍ പ്രാര്‍ഥിച്ചു. ഇങ്ങ് കേരളത്തില്‍ പോലും ആയാള്‍ക്കായി സ്റ്റാറ്റസുകള്‍ തീര്‍ത്തു ഫുട്‌ബോള്‍ ആരാധകര്‍.
പാർക്കൻ സ്റ്റേഡിയത്തിലെ വലത് കോര്‍ണറലെ സൈഡ് ലൈനോട് ചേര്‍ന്ന് എറിക്‌സണ്‍ കുഴഞ്ഞ് വീണപ്പോള്‍ ആദ്യം ക്യാമറ കണ്ണുകള്‍ പോലും ശ്രദ്ധിച്ചില്ല. എന്നാല്‍ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ചിത്രം മാറി. അപകടം മണത്ത ഡിഫന്‍സീസ് മിഡ്‌ഫീല്‍ഡര്‍ തോമസ് ഡലാനി മധ്യനിരയില്‍ നിന്നും ഓടിയെത്തി. വൈദ്യ സഹായം ആവശ്യപ്പെട്ടു. സഹ താരങ്ങളും എതിര്‍ ടീം അംഗങ്ങള്‍ക്കും ചുറ്റും കൂടി. സഹതാരങ്ങള്‍ ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് അത് മെഡിക്കല്‍ ടീം ഏറ്റെടുത്തു. ഫിന്‍ലന്‍ഡിന്‍റെ മെഡിക്കല്‍ സംഘമാണ് ആദ്യം എത്തിയത്. കുഴഞ്ഞ് വീണ എറിക്‌സണ്‍ അപ്പോള്‍ നിശ്ചലനായി കിടക്കുകയായിരുന്നു. പിന്നാലെ മാച്ച് ഒഫീഷ്യല്‍ ആവശ്യപ്പെട്ടത് പ്രകാരം സ്‌ട്രക്‌ചര്‍ ഗ്രൗണ്ടിലേക്ക് എത്തി. എറിക്‌സണെ സ്‌ട്രക്‌ചറില്‍ കളിക്കളത്തിന് പുറത്തെത്തിച്ചു. അവിടെ നിന്നും ആശുപത്രിയിലേക്കും.
പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം
സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ ആശങ്കാകുലരായ ഗാലറിയിലെ ആരാധകര്‍ പിന്നാലെ എറിക്‌സണ് വേണ്ടി പ്രാര്‍ഥിക്കാനും വിതുമ്പാനം തുടങ്ങി. മഹാമാരിയുടെ ലോകത്ത് നിന്നും കാല്‍പന്തിന്‍റെ ആവേശക്കാഴ്‌ചകള്‍ക്കായി എത്തിയവര്‍ പരിഭ്രാന്തരായി. അവര്‍ എറിക്‌സണ് വേണ്ടി പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു. മിനിട്ടുകള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് മനസിലായതോടെയാണ് മത്സരം പുനരാരംഭിച്ചത്. സമയോചിതമായി ഇടപെട്ട സഹതാരങ്ങളും മാച്ച് റഫറി ആന്‍റണി ടെയ്‌ലറും മെഡിക്കല്‍ ടീമും എറിക്‌സണിന്‍റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയാണ് അയാള്‍ വീണ്ടും പന്ത് തട്ടുന്നത് കാണാന്‍.
2010 മുതല്‍ ഡന്‍മാര്‍ക്കിന് വേണ്ടി ദേശീയ കുപ്പായത്തില്‍ കളിക്കുന്ന എറിക്‌സണ്‍ ഇതേവരെ 109 മത്സരങ്ങളില്‍ നിന്നും 36 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഡെൻമാർക്കിനെ പ്രീ ക്വാർട്ടർ വരെ എത്തുന്നതില്‍ എറിക്സണ് ചെറുതല്ലാത്ത പങ്കുണ്ട്.