മ്യൂണിക്ക് : പ്രതിരോധം പാളിയ പറങ്കിപ്പടയെ തകര്‍ത്തെറിഞ്ഞ് ജര്‍മനി. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെതിരെ രണ്ടിനെതിരെ നാല് ഗോളുകളുടെ ജയം സ്വന്തമാക്കിയ ജര്‍മനി മരണ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
എഫ് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ലോക ജേതാക്കളായ ഫ്രാന്‍സിനെതിരെ ഒരു ഗോളിന്‍റെ പരാജയം വഴങ്ങിയ ശേഷമായിരുന്നു ജോക്കിം ലോയുടെ ശിഷ്യന്‍മാരുടെ തിരിച്ചുവരവ്. കിക്കോഫായി 15-ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ മുന്നില്‍ നിന്ന ശേഷമായിരുന്നു സന്ദര്‍ശകര്‍ക്ക് പിഴയ്ക്കാന്‍ തുടങ്ങിയത്.
ആദ്യ പകുതിയില്‍ തന്നെ പറങ്കിപ്പടയുടെ പ്രതിരോധത്തിലെ വിള്ളലുകള്‍ ജര്‍മനിക്ക് കരുത്തായി. നാല് മിനിട്ടിന്‍റെ വ്യത്യാസത്തില്‍ ഡിഫന്‍ഡര്‍ റൂബന്‍ ഡിയാസും റാഫേല്‍ ഗുരേരിറോയും ഓണ്‍ ഗോള്‍ വഴങ്ങി. ആദ്യ പകുതിയുടെ 35-ാം മിനിട്ടിലും 39-ാം മിനിട്ടിലുമായിരുന്നു ഗോളുകള്‍.
ഇതോടെ അലയന്‍സ് അരീനയില്‍ ജര്‍മനി ചുവടുറപ്പിക്കാന്‍ തുടങ്ങി. രണ്ടാം പകുതിയില്‍ ഫോര്‍വേഡ് കായ് ഹാവര്‍ട്ടും റോബിന്‍ ഗോസെനും ജര്‍മനിക്കായി ഗോള്‍ കണ്ടെത്തിയതോടെ ജര്‍മനി ജയം ഉറപ്പാക്കി.