സെവിയ്യ:റോണോ നിരാശപ്പെടുത്തിയപ്പോള്‍ യൂറോ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ നിന്നും പോര്‍ച്ചുഗല്‍ പുറത്ത്. ലോക ഒന്നാം നമ്പറായ ബെല്‍ജിയത്തോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്ക് വഴി തെളിഞ്ഞത്. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കുടമയെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമായി സ്വന്തമാക്കുന്ന നിമിഷത്തിനായി കാത്തിരിന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. മറുപടിയില്ലാത്ത ഒരു ഗോളിന് പറങ്കിപ്പട പരാജയപ്പെട്ടു.
42-ാം മിനിട്ടില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്‍റെ ലോങ് റേഞ്ചറിലാണ് ബെല്‍ജിയത്തിന്‍റെ ജയം. തോമസ് മ്യൂനിയറിലൂടെ ഗോള്‍ ലൈനിന് 25 വാരെ അകലെ നിന്നും കിട്ടിയ അസിസ്റ്റ് തോര്‍ഗന്‍ രണ്ട് ടച്ചുകള്‍ക്ക് ശേഷം ഉജ്വല ഷോട്ടാക്കി മാറ്റി. പന്ത് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ റൂയി പാട്രീഷ്യോയുടെ കയ്യിലുരസി വലയിലേക്ക് പോയി.
മത്സരത്തില്‍ ഉടനീളം ആക്രമിച്ച് കളിച്ചത് പോര്‍ച്ചുഗലായിരുന്നെങ്കിലും ബെല്‍ജിയത്തിന്‍റെ ഒറ്റ ഷോട്ടില്‍ പറങ്കിപ്പട തകര്‍ന്നു. ആറ് ഷോട്ടുകള്‍ തൊടുത്ത ബെല്‍ജിയത്തിന്‍റെ ഒരു ഷോട്ട മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. അത് ഗോളാക്കി മാറ്റാനുമായി. മറുഭാഗത്ത് 23 ഷോട്ടുകള്‍ തൊടുത്ത പോര്‍ച്ചുഗലിന്‍റെ നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കെത്തിയെങ്കിലും ഒന്ന് പോലും ലക്ഷ്യം ഭേദിച്ചില്ല.