മ്യൂണിക്ക്:യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ ഫ്രഞ്ച് പട ജയിച്ച് തുടങ്ങി. കരുത്തരായ ജര്‍മനിയെ പാളയത്തിലെത്തി ലോകകപ്പ് ജേതാക്കള്‍ പരാജയപ്പെടുത്തി.ജര്‍മനിയിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പടയുടെ ജയം. ഫ്രാന്‍സിന്‍റെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ കണ്ട മത്സരത്തില്‍ ഓണ്‍ ഗോളിലൂടെയാണ് സന്ദര്‍ശകരുടെ ജയം. ആദ്യ പകുതിയില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്. ഗോള്‍ മുഖത്ത് വെച്ച് പന്ത് ക്ലിയര്‍ ചെയ്യവെയാണ് ഹമ്മല്‍സ് ഗോള്‍ വഴങ്ങിയത്.
കിലിയന്‍ എംബാപ്പെക്കും അന്‍റോണിയോ ഗ്രീസ്മാനും ഒപ്പം കരീം ബെന്‍സേമ കൂടി ചേര്‍ന്നതോടെ ഫ്രാന്‍സിന്‍റെ മുന്നേറ്റങ്ങള്‍ക്ക് പതിന്മടങ്ങ് മൂര്‍ച്ച വന്നു. ബെന്‍സേമയുടെയും എംബാപ്പെയുടെയും ഓരോ ഗോള്‍ വീതം റഫറി ഓണ്‍ഗോള്‍ വിളിച്ചത് കാരണം ഫ്രാന്‍സിന് നഷ്‌ടമായി. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരീം ബെന്‍സേമക്ക് പ്രമുഖ ടൂര്‍ണമെന്‍റില്‍ ഗോളടിച്ച് തുടങ്ങാനുള്ള അവസരമാണ് ഇതോടെ നഷ്‌ടമായത്.
മധ്യനിരയില്‍ എൻഗോളോ കാന്‍റയും പോള്‍ പോഗ്‌ബയും ഫ്രഞ്ച് പടക്കായി നിറഞ്ഞു കളിച്ചു. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത പോഗ്‌ബയാണ് കളിയിലെ താരം. വരാനെയും കിംപെബെയും ചേര്‍ന്ന പ്രതിരോധവും വല കാത്ത ലോറിസിന്‍റെ തകര്‍പ്പന്‍ നീക്കങ്ങളും ഫ്രാന്‍സിന് കരുത്തായി.